രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; മരിച്ച 20 പേരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

Wednesday 15 October 2025 8:13 AM IST

ജയ്‌പൂർ: രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന എസി ബസിന് തീപിടിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന ബസിലാണ് തീപിടിച്ചത്.

ബസിൽ 57 പേർ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ 20 പേർ മരിച്ചു. ഗുരുതരപരിക്കേറ്റ 16 പേർ ചികിത്സയിലാണ്. ജയ്സാൽമീറിൽ നിന്ന് പുറപ്പെട്ട് ഏകദേശം 20 കിലോമീറ്റർ പിന്നിട്ടപ്പോൾ ബസിൽ നിന്ന് പുകയുയർന്നു. ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തീപിടിക്കുകയും ആളിക്കത്തുകയുമായിരുന്നു. ഗ്രാമവാസികളും മറ്റ് വാഹന യാത്രക്കാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബസ് പൂർണമായും കത്തിക്കരിഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.

രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അപകട സ്ഥലം സന്ദർശിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. ഹൃദയഭേദകമായ സംഭവമാണുണ്ടായതെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. 'പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തോടൊപ്പമുണ്ടാകും. പറ്റാവുന്ന എല്ലാ പിന്തുണയും അവര്‍ക്ക് നല്‍കും'- മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ബസിൽ തീപടർന്നതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരുടെ ഡിഎന്‍എ പരിശോധന നടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.