ബീഹാർ പോരാട്ടം: പ്രശാന്ത് കിഷോർ മത്സരത്തിനില്ല; പകരം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

Wednesday 15 October 2025 10:03 AM IST

പട്ന: തിരഞ്ഞെടുപ്പ് തന്ത്രഞ്ജനിൽ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ പ്രശാന്ത് കിഷോർ തന്റെ കന്നി തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ജൻ സുരാജ് പാർട്ടിക്ക് വേണ്ടി ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ല. താൻ മത്സരിക്കുന്നില്ലെന്നും പകരം പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കിഷോർ വ്യക്തമാക്കി. ഇതോടെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമായി.

പ്രശാന്ത് കിഷോർ മത്സരിക്കുന്നില്ലെന്ന സൂചന കഴിഞ്ഞ ദിവസം രാത്രി തന്നെ ലഭിച്ചിരുന്നു. രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) കോട്ടയായ രാഘോപൂർ അസംബ്ലി സീറ്റിൽ ജൻ സുരാജ് ചഞ്ചൽ സിംഗിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണിത്. താൻ മത്സരിക്കുകയാണെങ്കിൽ സ്വന്തം മണ്ഡലമായ കർഗഹറിലോ രാഘോപൂരിൽ നിന്ന് മത്സരിക്കുമെന്നാണ് കിഷോർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ജൻ സുരാജ് പുറത്തിറക്കിയ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ കർഗഹറിൽ റിതേഷ് രഞ്ജനാണ് സ്ഥാനാർത്ഥി.

കിഷോറിന്റേത് ഏറ്റവും ശ്രദ്ധേയമായ മുഖമായതിനാൽ അദ്ദേഹം ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങുന്നത് പാർട്ടിയുടെ പ്രചാരണത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് ഈ തീരുമാനത്തിന് പിന്നിൽ. 'ഞാൻ മത്സരിക്കേണ്ടെന്നും സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കണമെന്നുമാണ് ജൻ സുരാജ് തീരുമാനിച്ചത്,' കിഷോർ പറഞ്ഞു.

ജൻ സുരാജിനായി 150ൽ താഴെ സീറ്റുകൾ ലഭിക്കുന്നത് തോൽവിയായിരിക്കും ഫലമെന്നും കിഷോർ പ്രഖ്യാപിച്ചു. അതോടൊപ്പം നിലവിലെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് കനത്ത പരാജയമുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. നിതീഷ് കുമാർ നയിക്കുന്ന ജനതാദൾ യുണൈറ്റഡിന് (ജെഡിയു) 25 സീറ്റുകൾ പോലും നേടാൻ കഷ്ടപ്പെടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ശരിക്കും എൻഡിഎ പുറത്തേക്കുള്ള വഴിയിലാണ്. നിതീഷ് കുമാർ ഇനി മുഖ്യമന്ത്രിയായി തിരിച്ചുവരില്ല', കിഷോർ പറഞ്ഞു. 'ജെഡിയുവിനെ കാത്തിരിക്കുന്നത് എന്താണെന്ന് പ്രവചിക്കാൻ ഒരു രാഷ്ട്രീയ നിരീക്ഷകനാകേണ്ട ആവശ്യമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിമതനീക്കം നടത്തുകയും നിതീഷ് കുമാറിന്റെ പാർട്ടിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്തത് അവരുടെ സീറ്റ് നില 43ലേക്ക് ഇടിച്ചുതാഴ്ത്തി,' കിഷോർ പറഞ്ഞു.

പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ നിലയും മെച്ചമല്ലെന്ന് കിഷോർ വിമർശിച്ചു. 'ആർജെഡിയും കോൺഗ്രസും തമ്മിൽ തീരാത്ത കലഹമാണ്. മുൻ സംസ്ഥാന മന്ത്രി മുകേഷ് സഹാനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി ഇപ്പോഴും അവർക്കൊപ്പമുണ്ടോ എന്നും ആർക്കുമറിയില്ല,' അദ്ദേഹം ചൂണ്ടിക്കാട്ടി. 243 അംഗ ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ ആറ്, 11 തീയതികളിൽ നടക്കും. വോട്ടെണ്ണൽ നവംബർ 14നാണ് നടക്കുക.