മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഭക്ഷ്യവസ്‌തുവിന് വില കുത്തനെ കൂടും; കനത്ത മഴയിൽ 80 ശതമാനം കൃഷിയും നശിച്ചു

Wednesday 15 October 2025 1:00 PM IST

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ പെയ്‌ത കനത്ത മഴയിൽ 80 ശതമാനം ഉള്ളികൃഷിയും നശിച്ചു. ഇതോടെ വരും മാസങ്ങളിൽ രൂക്ഷമായ ഉള്ളി ക്ഷാമം ഉണ്ടാകാനാണ് സാദ്ധ്യത. ഇത് ഉള്ളി വിലയെയും സാരമായി ബാധിക്കും. മഴ കുറഞ്ഞതോടെ കൃഷിയിറക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും കർഷകർ തയാറാകാത്തത് മറ്റൊരു വെല്ലുവിളിയാണ്.

കഴിഞ്ഞ വർഷം ഈ സമയത്ത് ക്വിന്റലിന് 4,000 മുതൽ 5,000 രൂപ വരെ വിലയുണ്ടായിരുന്നു. ഇപ്പോൾ 900 വരെയാണ് കിട്ടുന്നതെന്നും കിലോയ്‌ക്ക് എട്ട് രൂപ വില കിട്ടിയാൽ എങ്ങനെ കൃഷിയിറക്കുമെന്നുമാണ് കർഷകർ ചോദിക്കുന്നത്. കൃഷിയിറക്കാനുള്ള ചെലവ് കൂടുതലാണെന്നും അത്രയും മുടക്കാൻ കയ്യിൽ കാശില്ലെന്നും കർഷകർ പറയുന്നുണ്ട്. സാധാരണയായി വിളവ് കുറയുമ്പോഴാണ് വില കൂടാറുള്ളത്. എന്നാൽ, ഇത്തവണ തുടർച്ചയായ മഴയായിരുന്നു വില്ലൻ.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ളിയെത്തുന്നത് അധികവും നാസിക്കിൽ നിന്നാണ്. ഇവിടെ മാത്രം അഞ്ച് ലക്ഷത്തിലധികം ഏക്കർ ഉള്ളി നശിച്ചുവെന്നാണ് സർക്കാർ കണക്ക്. രണ്ട് ലക്ഷത്തിധികം കർഷകരെയാണ് ഇത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.