ഹിന്ദി ഭാഷയ്‌ക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി തമിഴ്‌നാട് സർക്കാർ; സിനിമയും പാട്ടും ഉൾപ്പെടെ വിലക്കും

Wednesday 15 October 2025 3:47 PM IST

ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി ഭാഷ നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. തമിഴ്‌നാട്ടിലുടനീളം ഹിന്ദിയിലെഴുതിയ ബോർഡുകൾ, ഹിന്ദി ഭാഷാ സിനിമകൾ, പാട്ടുകൾ എന്നിവയെല്ലാം നിരോധിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് സൂചന. തമിഴരുടെമേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുതെന്നും അവരുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലൊണ് ബില്ലുമായി സർക്കാർ രംഗത്തുവരുന്നത്.

ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിർക്കുന്നുവെന്ന് സ്റ്റാലിൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഹിന്ദി ഭാഷാ നിരോധന ബില്ലുമായി ഡിഎംകെ സർക്കാർ രംഗത്തുവരുന്നത്. സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ് )സ്‌കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കൽ എന്നീ മേഖലയിൽ സഹായകരമായെന്നാണ് ഡിഎംകെയുടെ വാദം. ബിജെപി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും വിഷയം പ്രചരണത്തിനായി ഡിഎംകെ ആയുധമാക്കിയിരുന്നു.