മഹാഭാരതത്തിലെ കർണ്ണൻ; സിനിമ സീരിയൽ രംഗത്തെ നിറ സാന്നിദ്ധ്യം, നടൻ പങ്കജ് ധീർ വിടവാങ്ങി
മുംബയ്: ബിആർ ചോപ്രയുടെ വിഖ്യാത ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കർണ്ണനെ അനശ്വരമാക്കിയ നടൻ പങ്കജ് ധീർ (68) അന്തരിച്ചു. ഏറെ നാളായി അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നായ കർണ്ണൻ എന്ന വേഷമാണ് പങ്കജ് ധീറിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്.
1980കളിൽ ചെറിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും മഹാഭാരതമാണ് താരത്തെ ജനപ്രിയനാക്കിയത്.
കർണ്ണൻ എന്ന കഥാപാത്രത്തിന്റെ നിഴലിൽ നിൽക്കുമ്പോഴും, 'ചന്ദ്രകാന്ത' എന്ന പരമ്പരയിലെ ചുന്നാർഗഢ് രാജാവായ ശിവദത്ത് എന്ന പ്രതിനായക കഥാപാത്രത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. ചന്ദ്രകാന്ത, ബധോ ബഹു, സീ ഹോറർ ഷോ, കാനൂൻ തുടങ്ങിയ നിരവധി ടെലിവിഷൻ പരമ്പരകളിലും സസുരാൽ സിമർ കാ എന്ന പരമ്പരയിലും അദ്ദേഹം അഭിനയിച്ചു.
സോൾജിയർ , അന്താസ് , ബാദ്ഷാ, തുംകോ ന ഭൂൽ പായേംഗേ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടു. 2024ൽ പുറത്തിറങ്ങിയ ധ്രുവ് താര സമയ് സദി സേ പര എന്ന പരമ്പരയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അന്ത്യകർമ്മങ്ങൾ ഇന്ന് വൈകീട്ട് മുംബയിലെ സാന്താക്രൂസിലുള്ള പവൻ ഹൻസ് ശ്മശാനത്തിൽ നടക്കും.