ആ അഞ്ച് സെക്കൻഡ്, അവസാനമായെന്ന് കരുതി; മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് രജീഷ വിജയൻ

Wednesday 15 October 2025 4:50 PM IST

ധ്രുവ് വിക്രം നായകനാകുന്നു പുതിയ ചിത്രമാണ് 'ബൈസൺ'. നടി രജീഷ വിജയനും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രീകരണത്തിനിടെ മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് വികാരാധീനയായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ചിത്രത്തിന്റെ പ്രീ റിലീസ് വേദിയിൽ സംസാരിക്കുകയായിരുന്നു രജീഷ.

'കർണൻ എന്ന സിനിമയിലേക്ക് മാരി സാർ എന്നെ വിളിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നിയിരുന്നു. പരിയേറും പെരുമാൾ കണ്ടതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ഫാനായി. എന്നെ വിശ്വസിച്ച് വിളിച്ചതിന് ഒത്തിരി സന്തോഷം തോന്നി. പിന്നീട് രണ്ട് സിനിമകൾ അദ്ദേഹം ചെയ്തു. എന്നെ എന്താ സാർ ആ സിനിമകളിലേക്ക് വിളിക്കാത്തത് എന്ന് ചോദിച്ചപ്പോൾ അതിലെ കാരക്ടർ നിനക്ക് സെറ്റാകില്ലെന്നായിരുന്നു പറഞ്ഞത്.

ഒരു ഡയറക്ടറുടെ കൂടെ വർക്ക് ചെയ്ത് ആ കെമിസ്ട്രി വന്നാൽ വീണ്ടും ആ ഡയറക്ടറുടെ കൂടെ വർക്ക് ചെയ്യാൻ ആഗ്രഹം തോന്നും. ഒരുനാൾ അദ്ദേഹം എന്നെ വിളിച്ച് ഒരു സിനിമ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞു. സഹോദരി വേഷമായതുകൊണ്ട് ഞാൻ ചെയ്യുമോയെന്ന് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. ചേച്ചി, അനിയത്തി, അമ്മ എന്നൊന്നുമില്ല എനിക്ക് സാറിനൊപ്പം വർക്ക് ചെയ്താൽ മതിയെന്ന് പറഞ്ഞു.

കമ്മിറ്റ് ചെയ്ത്, വർക്ക് ഷോപ്പിൽ പങ്കെടുത്തപ്പോൾ പോലും ഇതിന്റെ കഥയെന്താണെന്നോ കഥാപാത്രമെന്താണെന്നോ എനിക്കറിയില്ലായിരുന്നു. വിശ്വാസത്തിന്റെ പുറത്താണ് ചെയ്തത്. എന്റെ കരിയറിൽ ഇതുവരെ മുപ്പതോളം സിനിമകൾ ചെയ്തു. ഇത്രയും വിശ്വാസ്യത മറ്റൊരു സംവിധായകനോട് തോന്നിയിട്ടില്ല.

കർണ്ണൻ സിനിമയ്ക്കായി കുറച്ച് നീന്തൽ പഠിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗിനിടെ പെട്ടെന്ന് സാർ ഒരു സീൻ പ്ലാൻ ചെയ്തു. വെള്ളത്തിൽ ചാടണം, നിനക്ക് നീന്തൽ അറിയാമല്ലോ എന്ന് ചോദിച്ചു. ആ സീൻ ചെയ്യാനുള്ള ആഗ്രഹം കൊണ്ട് അറിയാമെന്ന് പറഞ്ഞു. നാല് വർഷം മുമ്പാണ് നീന്തിയത്. അത് ഞാൻ മറന്നുപോയിരുന്നു. അനുപമ വെള്ളത്തിൽ ചാടി, ഞാനും ചാടി. പക്ഷേ എനിക്ക് നീന്താൻ സാധിച്ചില്ല. എന്റെ കാലിൽ പാവാട കുടുങ്ങി. ഞാൻ വെള്ളത്തിനടിയിലേക്ക് പോയിക്കൊണ്ടിരുന്നു. സത്യമാണ് പറയുന്നത് ആ അഞ്ച് സെക്കൻഡ് നേരം എന്റെ അവസാനമായി എന്നാണ് കരുതിയത്. ആളുകൾ രക്ഷിക്കുന്നതായി തോന്നി. ചുറ്റും നോക്കിയപ്പോൾ കൂളിംഗ് ഗ്ലാസ് വച്ച് വെള്ളത്തിലിറങ്ങിയ മാരി സാറിനെയാണ് കണ്ടത്. അദ്ദേഹം ഷൂസ് പോലും അഴിക്കാതെ എന്നെ രക്ഷിക്കാനായി ചാടിയതായിരുന്നു.'- നടി പറഞ്ഞു.