സൈനിക പോസ്റ്റുകൾ തകർത്ത് പാക് യുദ്ധടാങ്കുകൾ പിടിച്ചെടുത്ത് താലിബാൻ, അഫ്‌ഗാന്റെ നൂറുകണക്കിന് സൈനികരെ വധിച്ച് പാകിസ്ഥാൻ

Wednesday 15 October 2025 7:25 PM IST

ഇസ്ളാമാബാദ്: അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ ഇന്നും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് രാവിലെ അഫ്‌ഗാനിലെ താലിബാൻ സൈന്യം പാകിസ്ഥാന്റെ നിരവധി സൈനിക പോസ്റ്റുകൾ കീഴടക്കി അവരുടെ ആയുധങ്ങളും ഒരു യുദ്ധ ടാങ്കും പിടികൂടി. താലിബാൻ പോസ്റ്റിന് നേരെ പാക് സൈന്യം ഉപയോഗിച്ച ടാങ്ക് ആണ് പിടിച്ചെടുത്ത് താലിബാൻ അഫ്ഗാൻ തെരുവിലൂടെ ഓടിച്ചത്.

അഫ്‌ഗാനിസ്ഥാനെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന ഡ്യൂറന്റ് രേഖയിൽ പാകിസ്ഥാനിലെ ചമൻ ജില്ലയിലും അഫ്‌ഗാനിലെ സ്‌പിൻ ബുൾഡക്ക് ജില്ലയിലുമായാണ് കനത്ത ഏറ്റുമുട്ടൽ നടക്കുന്നത്. പാകിസ്ഥാൻ പുറത്തുവിട്ട വിവരം അനുസരിച്ച് 23 പാക് സൈനികരാണ് മരിച്ചത്. 200ഓളം താലിബാൻകാരെ വധിച്ചു. എന്നാൽ 58 പാക് സൈനികരെ വധിച്ചെന്നാണ് താലിബാന്റെ ഭാഗത്തുനിന്നുള്ള വിവരം. 12 പേർ മരിച്ചതായും 100കണക്കിന് പേർക്ക് പരിക്കേറ്റതായും താലിബാൻ സമ്മതിക്കുന്നു. സ്‌പിൻ ബുൾഡക്ക് ജില്ലയിലാണ് ഇത്ര നാശം ഉണ്ടായത്.

അഫ്‌ഗാനിലെ കാണ്ഡഹാർ പ്രവിശ്യയിലും പാകിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിലുമാണ് സംഘർഷം നിലനിൽക്കുന്നത്. താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറയുന്നതനുസരിച്ച് പാകിസ്ഥാൻ സൈന്യം ഇന്ന് അതിരാവിലെ അഫ്‌ഗാൻ അതിർത്തിയിൽ ആക്രമണം നടത്തുകയായിരുന്നു. തങ്ങളുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ നിരവധി സൈനികർ മരിച്ചതായാണ് മുജാഹിദിന്റെ അവകാശവാദം. പാകിസ്ഥാന്റെ ആയുധങ്ങളും ടാങ്കും പിടിച്ചെടുത്തെന്നും സൈനിക ഉപകരണങ്ങൾ തങ്ങൾ സ്വന്തമാക്കിയെന്നുമാണ് താലിബാൻ വക്താവ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. തങ്ങളുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ട 10 പാക് സൈനികരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വീഡിയോ ദൃശ്യങ്ങൾ താലിബാൻ പുറത്തുവിട്ടു.

ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ കാലങ്ങളായി നിലനിന്ന തർക്കം ഏറ്റുമുട്ടലിലെത്തുകയും പിന്നാലെ കാബൂളിൽ സ്‌ഫോടനം നടക്കുകയും ചെയ്‌തതാണ് ഇരുരാജ്യങ്ങളും തമ്മിൽ സൈനിക നടപടി ശക്തമാകാൻ കാരണം. ഇതിന് പിന്നിൽ പാകിസ്ഥാനാണെന്ന് ഇതുവരെ അംഗീകരിച്ചിട്ടില്ല. പാകിസ്ഥാനിൽ ശക്തിപ്രാപിക്കുന്ന ഭീകരസംഘടന പാക് താലിബാനെ പ്രോത്സാഹിപ്പിക്കുന്നത് അഫ്ഗാനാണെന്ന് പാക് സർക്കാർ ആരോപിക്കുന്നുണ്ട്. താലിബാന്റെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തക്വി ഇന്ത്യ സന്ദർശിച്ച ദിവസം തന്നെയാണ് അഫ്‌ഗാനിൽ ശക്തമായ ആക്രമണം ഉണ്ടായത്. ഇതോടെ പാകിസ്ഥാന് മുത്തക്വി മുന്നറിയിപ്പും നൽകിയിരുന്നു.