1500 കോടി ഡോളറിന്റെ ഗൂഗിൾ നിക്ഷേപം
അടുത്ത അഞ്ച് വർഷത്തിനിടയിൽ 1.34 ലക്ഷം കോടി രൂപയുടെ ചെലവിൽ വിശാഖപട്ടണത്ത് വമ്പൻ എ.ഐ ഡാറ്റാ സെന്റർ നിർമ്മിക്കുമെന്ന ഗൂഗിൾ കമ്പനിയുടെ പ്രഖ്യാപനം ഇന്ത്യയ്ക്ക് വലിയ നേട്ടമാകും സമ്മാനിക്കുക. ഇന്ത്യയിലെ ഐ.ടി, ടെക് മേഖലകൾക്ക് കൂടുതൽ ഊർജ്ജം പകരാൻ ഇടയാക്കുന്നതാണ് ഈ പ്രഖ്യാപനം. അദാനി എന്റർപ്രൈസസിനു കീഴിലുള്ള അദാനി കണക്‌സ് (Adani ConneX), ഭാരതി എയർടെൽ എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബ് ആരംഭിക്കുക. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ഗൂഗിൾ കമ്പനിയുടെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഇന്ത്യൻ അധികൃതരുമായി ഇതിനുള്ള ധാരണാപത്രം ഒപ്പിടുകയുണ്ടായി.
അമേരിക്കയ്ക്കു പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ എ.ഐ ഹബ്ബ് ആയിരിക്കും ഇതെന്ന് ചടങ്ങിൽ സംബന്ധിച്ച ഗൂഗിൾ ക്ളൗഡ് സി.ഇ.ഒയും മലയാളിയുമായ തോമസ് കുര്യൻ വ്യക്തമാക്കി. എ.ഐ ഹബ്ബിന്റെ വിവരങ്ങൾ ഗൂഗിൾ കമ്പനിയുടെ സി.ഇ.ഒയും തമിഴ് വംശജനുമായ സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ പുതിയ ഡാറ്റാ സെന്ററിന്റെ പ്രവർത്തനത്തിന് ഒരു ഗിഗാവാട്ട് വൈദ്യുതി ആവശ്യമായി വരും. ഇതിനുള്ള ആധുനിക ഊർജ്ജ ഉത്‌പാദന സംവിധാനങ്ങളും എ.ഐ ഹബ്ബിന്റെ ഭാഗമായി ഒരുക്കുന്നതായിരിക്കും. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അന്യനാട്ടുകാർക്ക് യു.എസ് വിസ അനുവദിക്കുന്നതിന് കർശന നിയന്ത്രണവും ഉയർന്ന ഫീസും പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റിന്റെ നടപടിക്കു ശേഷമുള്ള ഗൂഗിളിന്റെ ഈ നീക്കം ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യക്കാരായ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് വലിയ പ്രതീക്ഷ പകരുന്നതാണ്.
മികച്ച ജോലിക്കായി അമേരിക്കയിലേക്ക് പോകേണ്ടതില്ല; അവിടത്തെ വമ്പൻ കമ്പനികൾ ഇങ്ങോട്ടു വരാൻ ഒരുങ്ങുകയാണ് എന്ന സന്ദേശമാണ് ഈ പ്രഖ്യാപനം നൽകുന്നത്. ഇന്ത്യയിലെ തൊഴിൽ മേഖലയ്ക്കും പ്രസ്തുത നിക്ഷേപം ശക്തി പകരും. പ്രത്യക്ഷമായും പരോക്ഷമായും ഏതാണ്ട് ഒരുലക്ഷം പേർക്ക് ജോലിയും സ്ഥിരവരുമാനവും ലഭ്യമാക്കാൻ ഉതകുന്നതാവും വിശാഖപട്ടണത്ത് വരാൻ പോകുന്ന ഈ വമ്പൻ എ.ഐ ഡാറ്റാ സെന്റർ. ഗൂഗിളിന്റെ വരവോടെ കൂടുതൽ മൾട്ടി നാഷണൽ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ തയ്യാറാകുമെന്നതിനും സംശയമില്ല. എന്നാൽ ഈ നിക്ഷേപങ്ങൾ വരുന്നതിന് കരിനിഴലായി ട്രംപിന്റെ തീരുവ ഉയർത്തൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇപ്പോൾത്തന്നെ ട്രംപ് ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്. ഇത് ഇനിയും ഉയർത്തിയാൽ വിദേശ കമ്പനികളുടെ വരവിനെ അത് പ്രതികൂലമായി ബാധിക്കാം.
അതേസമയം, തീരുവ യുദ്ധത്തിലൂടെ അമേരിക്കയെ ലോകത്തിലെ ഒന്നാമനായി നിലനിറുത്താനുള്ള ട്രംപിന്റെ നടപടികൾ സാമ്പത്തിക രംഗത്ത് ഇപ്പോൾത്തന്നെ തിരിച്ചടികൾ ഉയർത്തിയിരിക്കുകയും അമേരിക്കയിൽത്തന്നെ വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതിനാൽ തീരുവ ഉയർത്തൽ ഇനി ഉണ്ടാകില്ലെന്നാണ് പൊതുവെ സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നത്. ഏതായാലും ആഗോള ശ്രദ്ധ ചൈനയിൽ നിന്നു മാറി, ഇന്ത്യയിലേക്ക് കേന്ദ്രീകരിക്കപ്പെടാൻ ഉതകുന്നതാണ് ഗൂഗിളിന്റെ ഈ വമ്പൻ നിക്ഷേപ പ്രഖ്യാപനം. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ ആഗോള വളർച്ചയ്ക്ക് വീഥിയൊരുക്കുന്നതാവും പുതിയ പദ്ധതി എന്നതിൽ സംശയിക്കേണ്ടതില്ല.