ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലം, ഇപ്പോൾ മൂക്കിന്റെ പാലമേ പോയുള്ളൂ, സൂക്ഷിച്ച് നടന്നാൽ മതിയെന്ന് ഇ പി ജയരാജൻ
കോഴിക്കോട് : ദിവസങ്ങൾക്ക് മുൻപ് പേരാമ്പ്രയിൽ നടന്ന സി.പി.എം - യു.ഡി.എഫ് സംഘർഷത്തെ കുറിച്ചുള്ള വിശദീകരണ യോഗത്തിൽ ഷാഫി പറമ്പിൽ എം.പിക്കെതിരെ ആഞ്ഞടിച്ച് ഇ.പി. ജയരാജൻ. ഷാഫി എം.പി ആയത് നാടിന്റെ കഷ്ടകാലമെന്ന് ഇ.പി. ജയരാജൻ വിമർശിച്ചു. ഇപ്പോൾ മൂക്കിന്റെ പാലമേ പോയുള്ളൂ. സൂക്ഷിച്ച് നടന്നാൽ മതിയെന്നും ജയരാജൻ പറഞ്ഞു. അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ് ഓഫീസിൽ പോയി പറഞ്ഞാൽ മതി. ബോംബ് എറിഞ്ഞിട്ടും സമാധാനപരമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ലാത്തി കൊണ്ട് ഏതു പൊലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും ഇ.പി ചോദിച്ചു.
പൊലീസിന് നേരെ സ്പോടക വസ്തു അക്രമി സംഘം എറിഞ്ഞുവെന്നും കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനും ആയിരുന്നു യു.ഡി.എഫ് ശ്രമമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. ഷാഫി പറമ്പിലിന് പരിക്ക് പറ്റിയതിൽ ഉത്തരവാദി യു.ഡി.എഫ് തന്നെയാണ്. മൂക്കിന് സർജറി കഴിഞ്ഞ ആൾ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പരിശോധിക്കണമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഷാഫി അക്രമികളോടൊപ്പം ചേർന്ന് പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.