ദേശീയപാത വികസനം: യാത്ര ചെയ്യാനാവാതെ വെയിലൂർ നിവാസികൾ

Thursday 16 October 2025 12:44 AM IST

കല്ലമ്പലം: ദേശീയപാത വികസനംമൂലം യാത്രാദുരിതം പേറി വെയിലൂർ നിവാസികൾ. പുതിയതായി നിർമ്മിക്കുന്ന എൻ.എച്ച് 66ന്റെ ഭാഗമായി വെയിലൂർ ജംഗ്ഷനിൽ നിന്ന് റോഡിന്റെ കിഴക്ക് വശത്തേക്കും കിഴക്കുനിന്ന് പടിഞ്ഞാറ് വശത്തേക്കും യാത്ര ചെയ്യാനാവില്ല. റോഡിന്റെ കിഴക്കുവശത്ത് സ്ഥിതിചെയ്യുന്ന സ്കൂളുകൾ, കോളേജുകൾ, സ്ഥലത്തെ ഏക ആശുപത്രി, ആരാധനാലയങ്ങൾ, പൊലീസ് സ്റ്റേഷൻ, നെൽപ്പാടങ്ങൾ എന്നിവിടങ്ങളിലേക്കും യാത്രചെയ്യാൻ ബുദ്ധിമുട്ടനുഭവിക്കുകയാണ് പ്രദേശവാസികളും വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർ. വിദ്യാർത്ഥികൾക്ക് ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരം ചുറ്റിനടന്നു വേണം സ്കൂളുകളിലേക്ക് പോകാൻ. അതുപോലെ തന്നെ ആശുപത്രിയിൽ പോകുന്ന രോഗികൾക്കും കർഷകർക്ക് കാർഷിക ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനും വിളവെടുപ്പ് കാലത്ത് ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിനും വളരെയേറെ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരേറെയാണ്.

നിവേദനം നൽകിയിട്ടും നടപടിയില്ല

പ്രദേശവാസികളുടെയും വിദ്യാർത്ഥികളുടെയും കഷ്ടപ്പാടുകൾ ഒഴിവാക്കുന്നതിനായി വെയിലൂർ ജംഗ്ഷനിൽ ദേശീയപാതയ്ക്ക് കുറുകെ നടപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വെയിലൂർ വെട്ടിമൺകോണം റസിഡന്റ്സ് അസോസിയേഷനും നാട്ടുകാരും ചേർന്ന് നാഷണൽ ഹൈവേ അതോറിട്ടിക്കും കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതർക്കും നിവേദനം നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല.

രോഗികളും ബുദ്ധിമുട്ടിൽ

നിലവിൽ റോഡിന്റെ പടിഞ്ഞാറു വശത്തുള്ളവർക്ക് പുറത്തിറങ്ങി യാത്ര ചെയ്യാനാവാത്ത അവസ്ഥയിൽ റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഈ ഭാഗത്തുള്ള വീടുകളിലെ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോറിക്ഷകൾക്കുപോലും വരാൻ പറ്റാത്ത അവസ്ഥയാണ്. ഈ കാര്യങ്ങൾ പലപ്രാവശ്യം റോഡുപണിയുന്നവരെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. മഴ തുടങ്ങിയതോടെ റോഡുപണി മന്ദഗതിയിലാണ്.

സർവീസ്റോഡും ഓടയും നിർമ്മിച്ചില്ല

ദേശീയപാതയുടെ വശങ്ങളിൽ സർവീസ് റോഡും ഓടയും നിർമ്മിക്കാതെയാണ് മെയിൻ റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. സാധാരണ ഓടയുടെയും സർവീസ് റോഡിന്റെയും പണി പൂർത്തിയാക്കിയ ശേഷമാണ് പ്രധാന പാതയുടെ പണി തുടങ്ങുക. ദീർഘവീക്ഷണമില്ലാതെയുള്ള റോഡ്‌ നിർമ്മാണ പ്രവൃത്തികൾ പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.