പദ്മനാഭസ്വാമി ക്ഷേത്രത്തിൽ മണ്ണുനീർ കോരൽ നടന്നു ; 21ന് കൊടിയേറ്റ്
തിരുവനന്തപുരം: അല്പശി ഉത്സവത്തിന് മുന്നോടിയായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മണ്ണുനീർകോരൽ ചടങ്ങ് നടന്നു.21ന് കൊടിയേറും. 29ന് പള്ളിവേട്ടയും 30ന് ആറാട്ടും നടക്കും.
ഇന്നലെ സന്ധ്യയ്ക്കാണ് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്നും മുളയീട് പൂജയ്ക്കുള്ള മണ്ണുനീർകോരൽ ചടങ്ങ് നടന്നത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ പടിഞ്ഞാറെ നടവഴി മിത്രാനന്ദപുരം കുളത്തിലേക്കുള്ള ആചാരയാത്ര ആരംഭിച്ചു. ക്ഷേത്രത്തിലെ ആഴാതി സ്വർണക്കുടത്തിൽ മണ്ണുനീർകോരി ക്ഷേത്രത്തിലേക്ക് തിരിച്ചു.
ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീഹരി,മാനേജർ എൻ.കെ.അനിൽകുമാർ എന്നിവർ യാത്രയ്ക്ക് അകമ്പടിയായി. ക്ഷേത്രത്തിൽ തന്ത്രി തരണനല്ലൂർ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഇന്നാരംഭിക്കുന്ന മുളപൂജയ്ക്കുള്ള ഒരുക്കങ്ങൾ നടന്നു. കൊടിയേറ്റ് ദിവസം രാവിലെ വേട്ടയ്ക്കുള്ള മുളപൂജയ്ക്കായി മണ്ണുനീർകോരൽ ചടങ്ങ് വീണ്ടും നടക്കും. 19ന് 360 സ്വർണക്കുടങ്ങളിൽ ശ്രീപദ്മനാഭന് ബ്രഹ്മകലശപൂജ നടക്കും. 20ന് ബ്രഹ്മകലശാഭിഷേകം.