2014ൽ ഒന്നാം സ്ഥാനത്ത്; 20 വർഷത്തിനിപ്പുറം ആദ്യ പത്തിൽ നിന്ന് യുഎസ് പുറത്ത്, ചൈനയ്ക്ക് മുന്നേറ്റം

Wednesday 15 October 2025 9:27 PM IST

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള പാസ്പോർട്ടുകളുടെ പട്ടികയിലെ ആദ്യ പത്തിൽ നിന്ന് യു എസ് പുറത്തായി. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം 2014ൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന യു എസ് ഇപ്പോൾ മലേഷ്യക്കൊപ്പം 12ാം സ്ഥാനത്താണ്. ഇരു രാജ്യങ്ങളിലെയും പൗരന്മാ‌ർക്ക് 227ൽ 180 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം ലഭിക്കുന്നു. വിസ ആവശ്യമില്ലാതെ സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പാസ്‌പോർട്ടുകളെ റാങ്ക് ചെയ്യുന്നത്. ലണ്ടൻ ആസ്ഥാനമായ ഹെൻലി ആൻഡ് പാർട്ണേഴ്സ് ഇന്റർനാഷണൽ എയർട്രാൻസ്പോർട് അസോസിയേഷനുമായി സഹകരിച്ചാണ് ഹെൻലി പാസ്‌പോർട്ട് സൂചിക തയ്യാറാക്കിയത്. വിസയില്ലാതെ പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമ്പോഴാണ് പട്ടികയിൽ മുന്നിലേക്കെത്താൻ കഴിയുന്നത്.

2025 ലെ റിപ്പോർട്ട് പ്രകാരം ഏഷ്യൻ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാൻ പൗരന്മാരെ അനുവദിക്കുന്ന സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 190 രാജ്യങ്ങളുമായി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും 189 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര അനുവദിച്ചുകൊണ്ട് ജപ്പാൻ മൂന്നാം സ്ഥാനത്തും തുടരുന്നു.

അതേസമയം യുഎസ്, യുകെ തുടങ്ങിയ പരമ്പരാഗത ശക്തികൾക്ക് പട്ടികയിൽ ആധിപത്യം നഷ്‌ടമായി. ജർമ്മനി, ഇറ്റ‌ലി, സ്‌പെയിൻ,സ്വി‌റ്റ്‌സർലൻഡ് തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് യുഎസ് പാസ്‌പോർട്ടിന്റെ സ്ഥാനം താഴെയാണ്.

കഴിഞ്ഞ വർഷം 80 ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഇത്തവണ 85 ാം സ്ഥാനത്തേക്ക് താഴ്ന്നു. അടുത്തിടെ, ശ്രീലങ്ക, ഫിലിപ്പീൻസ് , ആഫ്രിക്കൻ കരീബിയൻ രാജ്യങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തിയതോടെ വിസയില്ലാതെ ഇന്ത്യൻ പൗരന്മാർക്ക് സഞ്ചരിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ വർദ്ധിനയുണ്ടായി.

അതേസമയം, പട്ടികയിൽ ചൈനയുടെ പാസ്‌പോർട്ടിന്റെ സ്ഥാനം വലിയ രീതിയിൽ ഉയർന്നു. 2015 ൽ 94ാം സ്ഥാനത്ത് നിന്നിരുന്ന ചൈനയുടെ പാസ്പോർട്ട് ഈ വർഷം 64 ാം സ്ഥാനത്തെത്തി. തെക്കേ അമേരിക്ക, ഗൾഫ് മേഖല, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളുമായുള്ള പുതിയ വിസ രഹിത കരാറുകളെയാണ് ഈ വർദ്ധനവ് പ്രതിഫലിപ്പിക്കുന്നത്.

2025 ഏപ്രിലിൽ അമേരിക്കൻ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അവസാനിപ്പിക്കാനുള്ള ബ്രസീൽ തീരുമാനവും വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങൾ അവരുടെ വിസകളിൽ നിന്ന് യുഎസിനെ ഒഴിവാക്കിയതും പട്ടികയിൽ താഴേക്ക് പോകുന്നതിന് കാരണമായി. എന്നാൽ ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഇപ്പോൾ ചൈനയിലേക്ക് വിസ രഹിത പ്രവേശനം സാധ്യമാണ്.