തീരാത്ത പൈപ്പ് പൊട്ടൽ, ചോർച്ച... അറുതിയില്ലാതെ അടിക്കടിയുള്ള അറ്റകുറ്റപ്പണി

Thursday 16 October 2025 3:48 AM IST

തിരുവനന്തപുരം: നഗരത്തിൽ പൈപ്പ് പൊട്ടലും ചോർച്ചയും വ്യാപകമായിട്ടും ശാശ്വത പരിഹാരമുണ്ടാക്കാത്ത വാട്ടർ അതോറിട്ടിയുടെ മെല്ലപ്പോക്കിനെതിരെ പ്രതിഷേധം ശക്തം. കാലപ്പഴക്കമേറിയ പൈപ്പുകൾ മാറ്റാത്തതിലും അടിക്കടി അറ്റകുറ്റപ്പണികളുണ്ടാകുന്നതിലും,കരാറുകാർക്കുവേണ്ടിയുള്ള വഴിവിട്ട ഇടപാടുകളുണ്ടെന്നാണ് ആരോപണം. പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ പല പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും വർഷങ്ങളായി ഫയലുകളിൽ കുടുങ്ങിയിരിക്കുകയാണ്.

കോടികൾ മുടക്കി റോഡുകൾ സ്മാർട്ടാക്കിയതിനു പിന്നാലെ അറ്റകുറ്റപ്പണികൾക്കായി റോഡ് തുടർച്ചയായി വെട്ടിപ്പൊളിച്ചതോടെയാണ് വാട്ടർ അതോറിട്ടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്. 40 വർഷത്തിലേറെ പഴക്കമുള്ള കോൺക്രീറ്റ് പൈപ്പുകളാണ് നഗരത്തിലേറെയും. ഒരു ദിവസം കുറഞ്ഞത് പത്തിടത്തെങ്കിലും പൈപ്പ് പൊട്ടലും ചോർച്ചയും ഉണ്ടാകുന്നുണ്ട്. ഒരേ സ്ഥലത്തുതന്നെ പലതവണ ചോർച്ചയും പൈപ്പ് പൊട്ടലുമുണ്ടാകുന്നുണ്ടെന്നും ഇത് ദുരൂഹമാണെന്നും നാട്ടുകാർ പറയുന്നു.

പദ്ധതിയുള്ളത് ഫയലിൽ

ഇന്നലെ ചോർച്ച പരിഹരിച്ച നന്ദാവനം പൊലീസ് ക്യാമ്പിന് മുന്നിൽ രണ്ട് മാസത്തിനിടെ മൂന്നിലേറെ തവണയാണ് പൈപ്പ് പൊട്ടിയത്. നന്ദാവനം മുതൽ ബേക്കറി ജംഗ്ഷൻ വരെയും പൈപ്പ് പൊട്ടലുകൾ തുടർക്കഥയാണ്. വെള്ളയമ്പലം - ആയുർവേദ കോളേജ് ഭാഗത്തെ പ്രശ്നം പരിഹരിക്കാൻ കാലപ്പഴക്കം ചെന്ന 350 എച്ച്.ഡി.പി.ഐ പൈപ്പുകൾ മാ​റ്റി 315 എം.എം ഡി.ഐ പൈപ്പുകൾ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയെങ്കിലും യാഥാർത്ഥ്യമായില്ല. വെള്ളയമ്പലം ഒബ്സർവേ​റ്ററി ടാങ്കിൽ നിന്ന് ഊ​റ്റുകുഴി വരെ രണ്ട് ഭാഗങ്ങളിൽ പുതിയ പൈപ്പിട്ടെങ്കിലും കരാറുകാരൻ പണിനിറുത്തി. അതിനുശേഷം വാട്ടർ അതോറിട്ടി പി.എച്ച് ഡിവിഷന്റെ നേതൃത്വത്തിൽ ഏഴോളം തവണ പുതിയ ടെൻഡർ ക്ഷണിച്ചെങ്കിലും കരാർ ഏ​റ്റെടുക്കാൻ ആരും തയ്യാറായില്ല.

സ്ഥിരം എമർജൻസി ടീം വേണം

അടിയന്തരമായുണ്ടാകുന്ന ചോർച്ചയും പൈപ്പ് പണിയും അതത് ഭാഗത്ത് ഒരു വർഷത്തേക്ക് കരാർ ഏറ്റെടുത്തവരാണ് പണിചെയ്യുന്നത്.കുഴിയും പണിയും നോക്കി ചെയ്യുന്നതിനനുസരിച്ചാണ് ബില്ലുകൾ എഴുതിയെടുക്കുക. തൊഴിലാളിയുടെ എണ്ണവും കണക്കാക്കും. 50,000 രൂപ മുതൽ 2.5 ലക്ഷം വരെ ബില്ലിലുണ്ടാകും. പണി പൂർത്തിയാകുന്ന മുറയ്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാക്ഷിപത്രത്തോടെ ബില്ല് പാസാക്കുകയാണ് പതിവ്. ഇതിൽ പല തട്ടിപ്പുകളും നടക്കുന്നുണ്ടെന്ന് പരാതികളുണ്ടെങ്കിലും വ്യാജയിടപാടുകൾ തടയാൻ നടപടിയുണ്ടായിട്ടില്ല. കെ.എസ്.ഇ.ബിയിലേതു പോലെ അടിയന്തര അറ്റകുറ്റപ്പണിക്ക് സ്ഥിരം എമർജൻസി ടീമിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.