27 വർഷങ്ങൾക്ക് ശേഷം പരമേശ്വരൻ, ഉസ്താദ് റീ റിലീസ് ഫെബ്രുവരിയിൽ
ഉസ്താദ് റീ റിലീസ് ഫെബ്രുവരിയിൽ
മോഹൻലാൽ നായകനായി സിബി മലയിൽ സംവിധാനം ചെയ്ത ഉസ്താദ് റീ റിലീസിന് ഒരുങ്ങുന്നു. 1999ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ മോഹൻലാലിന്റെ വ്യത്യസ്ത വേഷപ്പകർച്ചയിൽ പരമേശ്വരന്റെയും അധോലോക നായകനായ ഉസ്താദിന്റെയും കഥയാണ് പറയുന്നത്. സഹോദരിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഏട്ടനായും മോഹൻലാൽ തിളങ്ങി, ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണിവിശ്വനാഥ്, വിനീത്, രാജീവ്, ഇന്നസെന്റ്, ജനാർദ്ദനൻ, സായ്കുമാർ, നരേന്ദ്ര പ്രസാദ്, ശ്രീവിദ്യ,മണിയൻപിള്ള രാജു, ഗണേഷ്കുമാർ, കുഞ്ചൻ, സിദ്ദിഖ്, കൊച്ചിൻ ഹനീഫ, അഗസ്റ്റിൻ, ജോമോൾ, സുധീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജാഗ്വാർ സ്റ്റുഡിയോസിന്റെ ബാനറിൽ ബി. വിനോദ് ജെയിൻ ആണ് മികച്ച ഫോർ കെ ദൃശ്യ നിലവാരത്തിലും, ശബ്ദ മികവിലും ചിത്രം പുനരവതരിപ്പിക്കുന്നത്. ഫെ ബ്രുവരിയിൽ റീ റിലീസ് ചെയ്യും. ഛായാഗ്രഹണം: ആനന്ദക്കുട്ടൻ, എഡിറ്റിംഗ്: ഭൂമിനാഥൻ, കൺട്രി ടാക്കീസിന്റെ ബാനറിൽ ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് നിർമിച്ചത്. പി.ആർ. ഒ പി.ശിവപ്രസാദ്.