വെറ്റിലക്കർഷകർ പ്രതിസന്ധിയുടെ വക്കിൽ
വിലയിടിവും ഉയർന്ന പരിപാലനച്ചെലവും കാരണം
കല്ലറ: വെറ്റിലക്കൃഷി പാടെ ഉപേക്ഷിക്കാനൊരുങ്ങി കർഷകർ. വിലയിടിവും ഉയർന്ന പരിപാലനച്ചെലവും കാരണമാണ് അവശേഷിക്കുന്ന വെറ്റിലക്കൃഷി കർഷകർ ഉപേക്ഷിക്കുന്നത്. ഗ്രാമപ്രദേശങ്ങളായ പാലോട്, ഭരതന്നൂർ, കല്ലറ, കാരേറ്റ്, കിളിമാനൂർ മേഖലകളിൽ മാത്രമാണ് വെറ്റിലക്കൃഷിയിപ്പോൾ അവശേഷിക്കുന്നത്. വിലയിൽ സ്ഥിരതയില്ലാത്തതിനാൽ നഷ്ടക്കണക്ക് മാത്രമാണ് കർഷകർക്ക് പറയാനുള്ളത്. കഴിഞ്ഞ വർഷം ഈ സമയം ഒരുകെട്ട് വെറ്റിലയ്ക്ക് 200 രൂപ വരെ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി 30 മുതൽ 50 രൂപവരെയാണ് ഒരു കെട്ടിന് കർഷകർക്ക് ലഭിക്കുന്നത്. കടം വാങ്ങിയും വായ്പയെടുത്തുമാണ് മിക്ക കർഷകരും വെറ്റിലക്കൃഷി നടത്തുന്നത്.
ഒരു കെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ - 30 - 50 രൂപ
വലിപ്പം കുറയുന്നു
വിലത്തകർച്ച കാരണം കൃഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഇടവിട്ടുള്ള കനത്ത മഴയിൽ വൻകൃഷിനാശവും ഉണ്ടായി. വേനൽക്കാലത്ത് ചെടി മുരടിക്കും. ഇതോടെ വെറ്റിലയുടെ വലിപ്പം കുറയുകയും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലെത്തുകയും ചെയ്യും.
പരിചരണം അത്യാവശ്യം
താങ്ങുകയറുകളിൽ നിന്ന് പറ്റുവേരുകൾ വിട്ട് കൊടിത്തല മറിഞ്ഞുപോകാതെ നോക്കാൻ അനുദിന പരിചരണം അത്യാവശ്യമാണ്.നിത്യേന ജലസേചനം വേണം. വിളവെടുപ്പിനും വേണം ഏറെ ക്ഷമയോടെയുള്ള പ്രവർത്തനം. വിളവെടുത്ത് അടുക്കി ചന്തയിൽ എത്തിക്കണമെങ്കിൽ നാലുപേരുടെ സഹായം ആവശ്യമാണ്.
വില ലഭിക്കുന്നില്ല
വേണ്ട രീതിയിൽ വില ലഭിക്കാത്തതിനാൽ പുതുതലമുറ ഈ കൃഷിയിലേക്ക് ഇറങ്ങിയിട്ടില്ല. പരമ്പരാഗതമായി വെറ്റിലക്കൃഷി ചെയ്തുവരുന്നവരാണ് ഇപ്പോഴും രംഗത്തുള്ളത്. പത്ത് സെന്റിൽ കൃഷി ഇറക്കണമെങ്കിൽ കുറഞ്ഞത് അരലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് കർഷകർ പറയുന്നത്. ഇതിനിടയിൽ പന്നിശല്യം കൂടി ആകുമ്പോൾ പൂർണമായും കൃഷി ഉപേക്ഷിക്കാനേ നിവൃത്തിയുള്ളൂവെന്ന് കർഷകർ പറയുന്നു.