'ഹെൽത്തി കിഡ്സ് ' യു.പി സ്കൂളുകളിലേക്കും കായികാദ്ധ്യാപക നിയമനവും വേണ്ടിവരും
കണ്ണൂർ:ആരോഗ്യ,കായിക വിനോദ പദ്ധതിയായ ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാനത്തെ യു.പി സ്കൂളുകളിലും വ്യാപിപ്പിക്കാൻ നീക്കം .നിലവിൽ സംസ്ഥാനത്തെ 55 ലോവർ പ്രൈമറി സ്കൂളുകളിൽ മാത്രമായുള്ള പദ്ധതിയാണ് സംസ്ഥാനത്ത് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്.
സി.എസ്.ആർ ഫണ്ട് ,സ്പോൺസർഷിപ്പ്, എം.പി ഫണ്ട്,എം.എൽ.എ ഫണ്ട് തുടങ്ങിയ സാമ്പത്തിക സ്രോതസുകൾ മുഖേനയാണ് സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്കൂളുകളിലും പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.സി.എസ്.ആർ ഫണ്ട് ,സ്പോൺസർഷിപ്പ് എന്നിവ സമാഹരിക്കുന്നതിന് പി.എസ്.യു ,സോഷ്യൽ ക്ലബ്ബുകൾ എന്നിവയുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കോൺക്ലേവ് നടത്തുന്നതിനും പദ്ധതി നടപ്പിലാക്കാനുള്ള അടിയന്തര നടപടി കൈകൊള്ളുന്നതിനും കായിക വകുപ്പ് ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.നിർവ്വഹണ ഏജൻസിയായ കായിക യുവജന കാര്യാലയത്തിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സ്പോർട്സ് കേരള ഫൗണ്ടേഷന് കായിക യുവജനകാര്യ ഡയറക്ടറുടെ നിർദേശവും എത്തിയിട്ടുണ്ട്.
കായിക സാക്ഷരതയ്ക്കായി
പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ സമഗ്ര കായികപരിപോഷണം,കായിക സാക്ഷരത ലക്ഷ്യം
കായിക യുവജനകാര്യ വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി വികസിപ്പിച്ചത് എസ്.സി.ഇ.ആർ.ടി
പദ്ധതിക്കായി അദ്ധ്യാപകർക്ക് വിദഗ്ധ പരിശീലനവും കായിക ഉപകരണങ്ങളും ലഭ്യമാക്കും
കായിക വിദ്യാഭ്യാസ പീരിയഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
കായികാദ്ധ്യാപകർ വേണം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ കായികാദ്ധ്യാപകരെ നിയമിക്കണമെന്ന ആവശ്യവും ഇതിനിടെ ഉയരുന്നുണ്ട്. പ്രൈമറിയിൽ അദ്ധ്യാപകർ രണ്ടോ അതിലധികമോ വിഷയങ്ങൾ പഠിപ്പിക്കേണ്ടതുണ്ട്. ഇതിന് പുറമേ കായിക വിദ്യാഭ്യാസ ചുമതലകൂടി നൽകുന്നത് അമിതഭാരമാകുമെന്നാണ് ഇവരുടെ പക്ഷം. കായിക വിദ്യാഭ്യാസത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത ഇവർക്ക് പ്രാക്ടിക്കൽ സെഷൻസ് കൈകാര്യം ചെയ്യാനാവില്ലെന്നും അഭിപ്രായമുണ്ട്.
കണ്ണൂരിലെ 5 'ഹെൽത്തി കിഡ്സ് "
കണ്ണൂർ ജില്ലയിൽ ജി.എൽ.പി.എസ് മുഴപ്പിലങ്ങാട്,ഡയറ്റ് പാലയാട്,ഗവ.തളാപ്പ് മിക്സഡ് യു.പി സ്കൂൾ,ഗവ.ട്രൈബൽ യു.പി സ്കൂൾ കണ്ണവം,ജി.എൽ.പി.എസ് മോറാഴ എന്നീ അഞ്ച് സ്കൂളുകളിൽ മാത്രമാണ് നിലയിൽ പദ്ധതിയുള്ളത്.