ഹിന്ദി നിരോധന ബില്ലുമായി സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി നിരോധിക്കുന്ന ബിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാളെ നിയമസഭയിൽ അവതരിപ്പിച്ചേക്കും. സഭ പാസാക്കിയാലും ഗവർണർ ആർ.എൻ. രവി ഒപ്പുവയ്ക്കില്ലെന്ന് ഉറപ്പാണ്. അതേ സമയം, കരൂർ സംഭവത്തോടെ പ്രതിരോധത്തിലായ സർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തീവ്ര ഹിന്ദിവിരുദ്ധ നിലപാട് എന്ന ആയുധം വീണ്ടുമെടുക്കുന്നത്.
തമിഴ്‌നാട്ടിൽ ഹിന്ദി ഹോർഡിംഗുകളും ഹിന്ദിസിനിമകളും ഗാനങ്ങളും നിരോധിക്കുക, ഹിന്ദി പഠനം നിരുത്സാഹപ്പെടുത്തുക തുടങ്ങിയവയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നിയമ വിദഗ്ദ്ധരുമായി ചെവ്വാഴ്ച സ്റ്റാലിൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാന ബഡ്ജറ്റ് ലോഗോയിൽ രൂപയുടെ ചിഹ്നത്തിന് (₹) പകരം തമിഴ് അക്ഷരമായ ‘ரூ’ (രു) ഉപയോഗിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെ ഇതിനെ വിമർശിച്ചു. ദേശീയ ചിഹ്നത്തെ നിരാകരിച്ചതല്ല, തമിഴ് ഭാഷയെ പ്രോത്സാഹിപ്പിച്ചതെന്നായിരുന്നു ഡി.എം.കെയുടെ ന്യായം.
പിന്തിരിപ്പിക്കാൻ
കോൺഗ്രസ്
'ഇന്ത്യ' സഖ്യ ഘടകകക്ഷിയായ ഡി.എം.കെ ഹിന്ദി വിരുദ്ധ ബിൽ ഇപ്പോൾ അവതരിപ്പിക്കുന്നത് ബീഹാറിൽ തിരിച്ചടിക്കുമെന്ന് കോൺഗ്രസ് ഭയക്കുന്നു. പ്രചാരണത്തിൽ ബി.ജെ.പി കോൺഗ്രസിനെതിരായ ആയുധമാക്കുമെന്നുറപ്പ്. വടക്കൻ സംസ്ഥാനങ്ങളിലും വിഷയം ചർച്ചയാകും. നടപ്പ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നതിൽ നിന്ന് സ്റ്റാലിനെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടങ്ങി.
സിനിമയെയും
ബാധിക്കും
ഹിന്ദി സിനിമകളെ നിരോധിച്ചാൽ തിരിച്ചും പണികിട്ടും. തമിഴ് സിനിമയുടെ ഹിന്ദി പതിപ്പിറക്കാനാകില്ല
രജനികാന്തിന്റേത് ഉൾപ്പെടെ തമിഴ് സിനിമകളുടെ ഹിന്ദി പതിപ്പിന് വൻ സ്വീകര്യതയാണ്
വടക്കൻ സംസ്ഥാനങ്ങളിലെ ആയിരങ്ങൾ തമിഴ്നാട്ടിൽ കഴിയുന്നുണ്ട്. അവരുടെ പ്രതിഷേധമുണ്ടാകും
രാഷ്ട്ര ഭാഷയായ ഹിന്ദിയെ വിലക്കാനുള്ള നീക്കം കോടതിയിൽ ചോദ്യം ചെയ്യപ്പെടും.