മുന്നറിയിപ്പ് ഇല്ലാതെ വേദി മാറ്റം: ഓടിക്കിതച്ച് വിദ്യാർത്ഥികൾ
ആലപ്പുഴ: ജില്ലാ സ്കൂൾ കായികമേള മത്സരവേദിക്ക് പെട്ടന്നുണ്ടായ മാറ്റം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും വലച്ചു. ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലായിരുന്നു ഹൈജമ്പ് മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ മൈതാനത്ത് മത്സരത്തിന് ഉപയോഗിക്കുന്ന ബെഡിന് കേടുപാടുകൾ സംഭവിച്ചു. ഇതറിയാതെ ഇന്നലെ രാവിലെതന്നെ കായികതാരങ്ങൾ ചാരമംഗലത്തെ വേദിയിലെത്തി. എന്നാൽ മത്സരം നടത്താനുള്ള സാഹചര്യമായിരുന്നില്ല. ഉടൻ തന്നെ അധികൃതർ ചേർത്തല എസ്.എൻ കോളേജിലേക്ക് മത്സരം മാറ്റി. ഇതോടെ കായികതാരങ്ങളും രക്ഷിതാക്കളും പുതിയ മത്സരവേദിയിലേക്ക് എത്തേണ്ടിവന്നു. . ഒരുവേദിയിൽ നിന്ന് കിലോമീറ്ററുകൾക്ക് അപ്പുറമുള്ള പുതിയ വേദിയിലേക്ക് താരങ്ങൾ ഓടിത്തളർന്നെത്തിയത് അവരുടെ പ്രകടനത്തെ ബാധിച്ചു. ജില്ലയിൽ കായികമേളക്കുൾപ്പടെ സ്ഥിരം മികച്ച മൈതാനങ്ങളില്ലാത്തതിന്റെ വേദനയും ബുദ്ധിമുട്ടും ഇത്തവണയും കായിക താരങ്ങൾ അനുഭവിച്ചു. ഇ.എം.എസ് സ്റ്റേഡിയം പൊലുള്ള മികച്ച സൗകര്യങ്ങൾ നൽകാൻ കഴിയുന്ന മൈതാനങ്ങൾ മത്സരങ്ങൾക്കായി ഒരുക്കാൻ സാധിക്കാത്തത് കായിക താരങ്ങൾക്ക് പരിക്കേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
കുഴപ്പിച്ച് വേദികൾ
കായികമേള ആരംഭിക്കുന്നതിന് മുമ്പ് വേദികളെ സംബന്ധിച്ച് വ്യക്തമായ ധാരണ അധികൃതർക്ക് ഉണ്ടായില്ല. ഓരോ ദിവസവും വേദികൾ മാറിക്കൊണ്ടിരുന്നു. മുഹമ്മ കെ.ഇ കാർമ്മൽ സ്കൂളാണ് പ്രധാന വേദിയായി ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് മദർ തെരേസ സ്കൂളായി. ത്രോ മത്സരങ്ങൾക്കായി ആദ്യം തിരഞ്ഞെടുത്തത് കലവൂരിലെ സ്പോർട്സ് ഹബ്ബായിരുന്നു. പിന്നീട് പ്രീതികുളങ്ങര മൈതാനമാക്കി മാറ്റി. മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ചാരമംഗലം ഡി.വി.എച്ച്.എസ്.എസ് വേദിയായി തിരഞ്ഞെടുത്തത്. അതും മഴയിൽ കുതിർന്നതിനാൽ മത്സരങ്ങൾ നടത്താൻ സാധിച്ചില്ല.
വൈകി തുടങ്ങി മത്സരങ്ങൾ
ജില്ലാ കായികമേളയുടെ പ്രധാന വേദിയായ മുഹമ്മ മദർ തെരേസ സ്കൂളിലും മത്സരങ്ങൾ ആരഭിക്കാൻ ഏറെ വൈകി. ഇന്നലെ രാവിലെ ഉദ്ഘാടനം നടന്നെങ്കിലും മത്സരങ്ങൾ മൂന്നുമണിക്കൂറോളം വൈകി. കായിക താരങ്ങൾക്കുള്ള ചെസ്റ്റ് നമ്പർ ലഭിക്കാൻ താമസിച്ചതാണ് മത്സരം വൈകാൻ കാരണമായത്. ചെങ്ങന്നൂർ ഉപജില്ലാ കായികമേള ചൊവ്വാഴ്ച രാത്രിയോടെയാണ് പൂർത്തിയായത്. വിജയികളുടെ രജിസ്ട്രേഷൻ നടപടികൾ വൈകിയതാണ് ജില്ലാ കായികമ മേള വൈകാനും കാരണമായത്.