വിദ്യാർത്ഥി പെപ്പർ സ്‌പ്രേ പ്രയോഗിച്ചു ; അദ്ധ്യാപികയും സഹപാഠികളും ആശുപത്രിയിൽ

Thursday 16 October 2025 1:37 AM IST

 സംഭവം പുന്നമൂട് ഹയർ സെക്കൻഡറി സ്‌കൂളിൽ

നേമം: കല്ലിയൂർ പുന്നമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥിയുടെ പെപ്പർ സ്‌പ്രേ പ്രയോഗം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ധ്യാപികയെയും പ്ലസ്‌വൺ സയൻസ് ബാച്ചിലെ 10 വിദ്യാർത്ഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. ഒരു വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്‌പ്രേ ക്ലാസ് നടക്കവെ ഉപയോഗിക്കുകയായിരുന്നു. ശ്വാസതടസമുണ്ടായ അദ്ധ്യാപികയെയും വിദ്യാർത്ഥികളെയും ആദ്യം ശാന്തിവിള ആശുപത്രിയിലും തുടർന്ന് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഒരാളെ നേമം താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം വീട്ടിലേയ്ക്ക് അയച്ചു.

മെഡിക്കൽ കോളേജിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ റാണി പറഞ്ഞു. നേമം പൊലീസ് സ്‌കൂളിലെത്തി വിദ്യാർത്ഥിയെ ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. വിദ്യാർത്ഥികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് നിർദ്ദേശിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

രക്ഷിതാക്കൾ പരിഭ്രാന്തരായി

സംഭവം അറിഞ്ഞതോടെ നാട്ടുകാരും രക്ഷിതാക്കളും പരിഭ്രാന്തരായി. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സോമശേഖരൻ,വൈസ് പ്രസിഡന്റ്‌ സുധർമ്മ തുടങ്ങിയവർ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ നേതൃത്വം നൽകി. കുട്ടികൾ അച്ചടക്കം പാലിക്കണമെന്ന് പി.ടി.എ വൈസ് പ്രസിഡന്റ്‌ ബിജു വ്യക്തമാക്കി.