പങ്കജ് ധീർ അന്തരിച്ചു

Thursday 16 October 2025 12:52 AM IST

മുംബയ്: ബി.ആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിൽ കർണനെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ പങ്കജ് ധീർ (68) അന്തരിച്ചു. അർബുദബാധിതനായി ചികിൽസയിലായിരുന്നു. സംസ്കാരം മുംബയിലെ സാന്താക്രൂസിലുള്ള പവൻ ഹംസ് ശ്മശാനത്തിൽ ഇന്നലെ വൈകിട്ട് 4.30ന് നടന്നു. സംവിധായകനും നിർമാതാവുമായ സി.എൽ. ധീറാണ് പങ്കജിന്റെ പിതാവ്.

ഭാര്യ അനിത ധീർ ബോളിവുഡിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറാണ്. മകൻ നികിതിൻ ധീറും മരുമകൾ ക്രതിക സെൻഗറും ചലച്ചിത്രതാരങ്ങളാണ്.

തൊണ്ണൂറുകളിൽ ശ്രദ്ധേയമായ ‌ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും അഭിനയിച്ച പങ്കജ് മലയാള ചിത്രം രണ്ടാം വരവിലും അഭിനയിച്ചിട്ടുണ്ട്. സഹോദരൻ സത്‌ലജ് ധീറിനൊപ്പം മുംബയിൽ വിസേജ് സ്റ്റുഡിയോസ് എന്ന സ്റ്റുഡിയോ നടത്തിയിരുന്നു. അഭിനയ് ആക്ടിഗ് അക്കാഡമി എന്ന സ്ഥാപനവും സ്ഥാപിച്ചു.1956ൽ പഞ്ചാബിൽ ജനിച്ച പങ്കജിന്റെ സ്കൂൾ, കോളേജ് വിദ്യാഭാസം മുംബയിലായിരുന്നു. തുടർന്ന് സഹസംവിധായകനായി സിനിമാ ജീവിതം തുടങ്ങി. ഇതനിടെ ‘സൂഖ’ എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക്.

തുടർന്ന് 1988ൽ പുറത്തിറങ്ങിയ, ‘മഹാഭാരത’ത്തിലെ കർണനെ അവതരിപ്പിച്ചത് താരത്തെ ജനപ്രിയനാക്കി. ചന്ദ്രകാന്ത, ദ് ഗ്രേറ്റ് മറാത്താ, യുഗ്, സസുരാൽ സിമാർ കാ (പരമ്പര), സനം ബേവഫാ, സഡക്, ബാദ്ഷാ, മിസ്റ്റർ ബോണ്ട്, നിഷാനാ (സിനിമ) തുടങ്ങിയവയിലും അഭിനയിച്ചു. മൈ ഫാദർ ഗോഡ്ഫാദർ എന്ന സിനിമ സംവിധാനം ചെയ്തു.അവസാനം അഭിനയിച്ചത് 2024ൽ പുറത്തുവന്ന ധ്രുവ് താര-സമയ് സാധി സെ പാരെ എന്ന പരമ്പരയിലാണ്.