പാർട്ടി പ്രവർത്തനം പ്രധാനം, മത്സരിക്കില്ല: പ്രശാന്ത് കിഷോർ
ന്യൂഡൽഹി: ജൻസുരാജ് പാർട്ടിയുടെ കന്നി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകില്ലെന്ന് സ്ഥാപകൻ പ്രശാന്ത് കിഷോർ. ആദ്യ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മികച്ച പ്രകടനത്തിനായി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർ.ജെ.ഡിയുടെ ശക്തി കേന്ദ്രവും മഹാമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവിന്റെ മണ്ഡലവുമായ രാഘോപൂരിലോ,തന്റെ ജന്മസ്ഥലമായ കാർഗഹാറിൽ നിന്നോ പ്രശാന്ത് മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട പാർട്ടിയുടെ ആദ്യ പട്ടികയിൽ രാഘോപൂരിൽ ചഞ്ചൽ സിംഗിനെയും പ്രശസ്ത ഭോജ്പുരി ഗായകൻ റിതേഷ് പാണ്ഡെയെ കാർഗഹാറിലും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പ്രശാന്ത് മത്സരിക്കില്ലെന്നുറപ്പായി. ഒരു മണ്ഡലത്തിൽ കേന്ദ്രീകരിക്കേണ്ടി വരുമെന്നതിനാലാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് പ്രശാന്ത് വിശദീകരിച്ചു. പകരം സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധിക്കും. പാർട്ടി 150 സീറ്റുകളെങ്കിലും നേടുമെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ
തോൽക്കും
ബീഹാറിൽ ഭരണകക്ഷിയായ എൻ.ഡി.എ പരാജയപ്പെടുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു 25 സീറ്റുകൾ പോലും നേടില്ലെന്നും തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ കൂടിയായ പ്രശാന്ത് കിഷോർ പറഞ്ഞു. എൻ.ഡി.എ പുറത്താകുമെന്നുറപ്പ്. നിതീഷ് കുമാർ മുഖ്യമന്ത്രി പദത്തിൽ തിരിച്ചു വരില്ല. 2020ൽ ചിരാഗ് പാസ്വാന്റെ സ്വാധീനം മൂലം 43ൽ ഒതുങ്ങിയതിന്റെ തുടർച്ചയായിരിക്കും സംഭവിക്കുക.
ഇന്ത്യ മുന്നണിയിലും സ്ഥിതി മെച്ചമല്ലെന്നും ആർ.ജെ.ഡിയും കോൺഗ്രസും അവസാനിക്കാത്ത തർക്കമാണെന്നും പ്രശാന്ത് പറഞ്ഞു. തേജസ്വിക്ക് രാഘോപൂരിൽ 2019ൽ രാഹുൽ ഗാന്ധിക്ക് അമേഠിയിൽ നേരിട്ട പരാജയ അനുഭവം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഗണിതശാസ്ത്രജ്ഞൻ കെ. സിൻഹ(കുമ്രാർ),ഭോജ്പുരി ഗായകൻ റിതേഷ് രഞ്ജൻ പാണ്ഡെ,മുൻ മുഖ്യമന്ത്രിയും ബീഹാർ രാഷ്‌ട്രീയ നായകനുമായ കർപൂരി താക്കൂറിന്റെ ചെറുമകൾ ഡോ. ജാഗൃതി താക്കൂർ(മോർവ) എന്നിവരും ജൻസുരാജ് പാർട്ടി സ്ഥാനാർത്ഥികളാണ്.