മന്ത്രി വാസവൻ രാജി വയ്ക്കണം: അടൂർ പ്രകാശ്

Thursday 16 October 2025 1:24 AM IST

തിരുവനന്തപുരം: ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ രാജി വച്ച് അന്വേഷണം നേരിടണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. അന്വേഷണം സുതാര്യമാവണമെങ്കിൽ മന്ത്രി സ്ഥാനത്തുനിന്ന് വാസവനെ ഒഴിവാക്കി നിറുത്തണമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഞെട്ടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. സ്വർണത്തട്ടിപ്പിൽ ഉദ്യോഗസ്ഥർ മാത്രമല്ല, ഭരണാധികാരികളുമുണ്ടായിരുന്നു. പ്രതി ചേർക്കപ്പെട്ടവർക്ക് പിന്നിൽ നിന്ന് ആരുടെയെല്ലാം സഹായം ലഭിച്ചെന്നതും വ്യക്തമാവേണ്ടതുണ്ട്. ആറന്മുളയിൽ മന്ത്രി വാസവൻ ആചാര ലംഘനം നടത്തിയത് ഗൗരവതരമാണ്. ആചാരപ്രകാരം ഭഗവാന് കൊടുക്കേണ്ട സദ്യ നൽകിയ ശേഷമാണ് മന്ത്രിക്കാണെങ്കിലും മുഖ്യമന്ത്രിക്കാണെങ്കിലും വിളമ്പേണ്ടത്. മന്ത്രിക്ക് അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാകാം. ആചാരാനുഷ്ഠാനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നയാളാണ് മന്ത്രിയെങ്കിൽ ക്ഷേത്രത്തിലെ ആചാരം മനസിലാക്കി പ്രവർത്തിക്കുകയാണ് വേണ്ടിയിരുന്നത്.

അയ്യപ്പ സംഗമത്തിന് മുഷ്ടി ചുരുട്ടി ശരണം വിളിച്ചു.. ശബരിമലയിലെ ആചാരനുഷ്ടാനങ്ങളെക്കുറിച്ച് എന്തെങ്കിലും ബോധമുള്ളവരാണോ ഇവർ.

ജി.സുധാകരൻ നല്ല മന്ത്രിയായിരുന്നു. നല്ല കാര്യങ്ങൾ ചെയ്യുന്നത് ആരാണെങ്കിലും അവരെ അംഗീകരിക്കുകയെന്നതാണ് കോൺഗ്രസ് നയം. അദ്ദേഹം ദേവസ്വം ബോർഡിന്റെ മന്ത്രിയായിരുന്നപ്പോൾ ഇത്തരം സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. നവീൻ ബാബു മരണപ്പെട്ടിട്ട് ഒരു വർഷമായിട്ടും നീതി ലഭ്യമായില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബമാണ് പറയുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും അടൂർ പ്രകാശ് പറഞ്ഞു. എം. വിൻസെന്റ് എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവും സംബന്ധിച്ചു..