മീനാങ്കൽ കുമാറിനെ സി.പി.ഐ പുറത്താക്കി
തിരുവനന്തപുരം: സി.പി.ഐ ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു. ഇന്നലെ ചേർന്ന പാർട്ടി ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ മാസം ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ മീനാങ്കൽ കുമാറിനെ സംസ്ഥാന കൗൺസിലിൽ നിന്നൊഴിവാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മീനാങ്കൽ കുമാർ പരസ്യ പ്രതികരണം നടത്തിയിരുന്നു. തുടർന്ന് പാർട്ടി വിശദീകരണം ചോദിച്ചു. ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കി.
ഇതിനിടെ, പാർട്ടിക്ക് സമാന്തരമായി മീനാങ്കൽ ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടന രൂപീകരിക്കാൻ മീനാങ്കൽ കുമാർ ശ്രമം തുടങ്ങി. പാർട്ടി പ്രവർത്തകരെയും ഇതിലേക്ക് ക്ഷണിച്ചു. എന്നാൽ, രൂപീകരണ യോഗത്തിൽ പങ്കെടുക്കരുതെന്ന് പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിരുന്നു.
മീനാങ്കൽ കുമാറിനെ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കും. ഇന്ന് യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനിരിക്കെ ഇന്നലെ യോഗം വിളിക്കാൻ അദ്ദേഹം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.