ആൽവിൻ വിരലനക്കിയാൽ കണ്ണട കരണം മറിയും

Thursday 16 October 2025 12:36 AM IST

കണ്ണൂർ: ആൽവിൻ കൈവിരലനക്കിയാൽ മതി മേശപ്പുറത്തുള്ള സൺഗ്ളാസ് കരണം മറിയും. ഇങ്ങനെ ഒരുമിനുട്ടിൽ 21 തവണ സൺഗ്ളാസ് കരണം മറിച്ചതിന് ലോക ഗിന്നസ് റെക്കാഡും സ്വന്തമാക്കി. പാപ്പിനിശ്ശേരി സ്വദേശിയായ മെന്റലിസ്റ്റ് ആൽവിൻ റോഷൻ ഇതേ വിദ്യയിൽ മേശയുമുയർത്തും. അഞ്ച് ലോക ഗിന്നസ് റെക്കാഡുകളാണ് ഈ 32 കാരൻ സ്വന്തമാക്കിയത്.

തൊടാതെ മേശയും സ്റ്റൂളും കുടയുമെല്ലാം ആൽവിൻ വായുവിലുയർത്തുന്നതിന്റെ വീഡിയോ ലോക ഗിന്നസ് റെക്കാഡിന്റെ ഔദ്യോഗിക പേജുകളിൽ പങ്കുവച്ചിട്ടുമുണ്ട്. ടെലികിനസിസ് എന്ന മൈൻഡ് ഇല്യൂഷൻ പ്രകടനത്തിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്റെ പേര് വരുന്നത്.

മൂന്ന് മിനുട്ടിൽ 23 സ്റ്റേജ് ഇല്യൂഷനുകൾ ചെയ്‌തതിന് ആൽബിൻ നാലാമത്തെ ഗിന്നസ് റെക്കാഡ് സ്വന്തമാക്കിയതും ഈ വർഷമാണ്. ലഹരിക്കും തീവ്രവാദത്തിനുമെതിരെ സ്‌കൂളുകളിലടക്കം പ്രതിഫലമില്ലാതെ പരിപാടികളും അവതരിപ്പിക്കുന്നുണ്ട്. ഇനിയും ഗിന്നസ് റെക്കാഡുകൾ നേടുകയാണ് ലക്ഷ്യം. പാപ്പിനിശ്ശേരി സ്വദേശിയായ സോളമൻ ഡേവിഡിന്റെയും അനിതയുടേയും മകനാണ്. ഭാര്യ: പമിത. സഹോദരി: റോഷ്ന.

 ലോകത്തിലെ വേഗതയേറിയ മജീഷ്യനുമാണ്

എട്ടാം വയസിൽ കുട്ടികളുടെ ആഴ്ചപ്പതിപ്പിൽ നിന്ന് ലഭിച്ച ചെറിയ ട്രിക്കുകൾ വായിച്ചായിരുന്നു ആൽവിന്റെ തുടക്കം. 2007ൽ ഒമ്പതാംക്ളാസിൽ പഠിക്കുമ്പോൾ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തെ മാജിക് അക്കാഡമിയിലും പഠിച്ചു. 2022ൽ ഒരു മിനിറ്റിൽ 76 തീപ്പെട്ടിക്കൊള്ളികൾ അടുക്കി ടവർ നിർമ്മിച്ചാണ് ആദ്യമായി ലോക ഗിന്നസ് റെക്കാഡ് നേടിയത്. 2023ൽ തൊടാതെ മേശയും സ്റ്റൂളും കുടയും അടക്കമുള്ള 11 ഉപകരണങ്ങൾ വായുവിലേക്ക് ഉയർത്തിയതിന് രണ്ടാമത്തെ ലോക റെക്കാഡും ലഭിച്ചു. കണ്ണുകെട്ടി ഒരു മിനിറ്റിൽ 43 മാജിക് ട്രിക്കുകൾ അവതരിപ്പിച്ചാണ് ലോകത്തിലെ വേഗതയേറിയ മജീഷ്യൻ എന്ന ഗിന്നസ് റെക്കാഡ് 2024ൽ റോഷൻ സ്വന്തമാക്കിയത്.