കരൂർ ദുരന്തം: മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്ന് ബി.ജെ.പി

Thursday 16 October 2025 12:55 AM IST

ചെന്നൈ: കരൂരിലെ റൗണ്ട്എബൗട്ട് പ്രദേശത്ത് പ്രചാരണം നടത്താൻ ടി.വി.കെ അനുമതി ചോദിച്ചിരുന്നുവെന്നും ആ സ്ഥലത്ത് അനുമതി നൽകിയിരുന്നെങ്കിൽ 41 പേർ മരിക്കില്ലായിരുന്നുവെന്നും ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ എം.എൽ.എ.

5 ഡിവൈ,എസ്.പിമാരും 500 പൊലീസുകാരും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറ‌ഞ്ഞത് ശരിയല്ല. അവിടെ ഇവരൊക്കെ ഉണ്ടായിരുന്നെങ്കിൽ ഈ സംഭവം നടക്കുമായിരുന്നില്ലെന്ന് നിയമസഭ സമുച്ചയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറ‌ഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ ശബ്ദം അടിച്ചമർത്തുന്നതുപോലെയാണ് പൊലീസ് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നത്.പ്രതിപക്ഷ പാർട്ടികൾ എന്ത് യോഗം നടത്തിയാലും, ഞങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്തിന് അവർ അനുമതി നൽകുന്നില്ല. കോടതിയിൽ പോയി അനുമതി വാങ്ങേണ്ട സാഹചര്യമുണ്ട്- നാഗേന്ദ്രൻ പറഞ്ഞു.