ഉദ്ഘാടനത്തിനൊരുങ്ങി അമ്പൂരി കുമ്പിച്ചൽ കടവ് പാലം
നവംബർ 5ന് തുറക്കും
വെള്ളറട: അമ്പൂരി കുമ്പിച്ചൽ കടവ് പാലം നവംബർ 5ന് തുറക്കും. അമ്പൂരി കുമ്പിച്ചൽ പാലത്തിന്റെയും റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകഴിഞ്ഞു. ഇനി ഉദ്ഘാടനത്തിന്റെ ഒരുക്കത്തിലാണ്. നവബംർ 5ന് മുഖ്യമന്ത്രി പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. പാലത്തിന്റെ ഉദ്ഘാടനത്തിനു മുമ്പുതന്നെ ആധുനിക രീതിയിൽ പണികഴിപ്പിച്ച പാലം കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. പലരും ഇവിടെയെത്തി ഫോട്ടോഷൂട്ടും കഴിഞ്ഞാണ് മടങ്ങുന്നത്.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ആദ്യ ബഡ്ജറ്റിൽതന്നെ പാലം നിർമ്മാണത്തിന് ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിരുന്നു. ഇതിനിടയിൽ നിരവധി തടസങ്ങളും കേന്ദ്ര വനംമന്ത്രാലയത്തിന്റെ കീഴിൽനിന്നുണ്ടായി. ഇതെല്ലാം പരിഹരിച്ചാണ് പാലം പൂർത്തീകരിച്ചത്. ഉദ്ഘാടനം ആഘോഷമാക്കിമാറ്റാൻ അമ്പൂരിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾ കാത്തിരിക്കുകയാണ്.
ആശ്വാസമായി പാലം
പാലത്തിൽ നിന്നാൽ നെയ്യാർ റിസർവോയറിന്റെ പ്രകൃതി ഭംഗി കാണാം. കിഫ്ബിയുടെ ധനസഹായത്തോടെ 19 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. കരിപ്പയാറിന്റെ മറുകരയിൽ നെയ്യാർഡാം റിസർവോയറിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ കാരിക്കുഴി, ചാക്കപാറ, ശങ്കുംകോണം, കയ്പൻപ്ളാവിള, തൊടുമല, തെൻമല, കുന്നത്തുമല തുടങ്ങി 11 ഓളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങളുടെ ചിരകാല ആവശ്യമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
ചെലവ്......19കോടി രൂപ
ടൂറിസം സാദ്ധ്യതകളും ഉൾപ്പെടുത്തി
36.2 മീറ്റർ വീതം അകലത്തിലുള്ള 7സ്പാനുകളിലായി 253.4 മീറ്റർ നീളത്തിലാണ് പാലത്തിന്റെ നിർമ്മാണം. 11 മീറ്റർ വീതിയുള്ള പാലത്തിൽ 8 മീറ്റർ വീതിയിൽ റോഡും ഇരുവശത്ത് ഫുഡ്പാത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്പൂരിയിലെ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമ്മിച്ച പാലത്തിന്റെ അടിയിലൂടെ നെയ്യാർഡാമിൽ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബോട്ടുകൾക്ക് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.