മലയിൻകീഴ് -ഊരൂട്ടമ്പലം,അണപ്പാട് -പോങ്ങുംമൂട് റോഡിൽ ദുരിതയാത്ര
മലയിൻകീഴ്: മലയിൻകീഴ്-ഊരൂട്ടമ്പലം റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ. പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴിയിലെ ടാർ ഇളകിമാറി യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. ഊറ്റുപാറ മുതൽ മലയിൻകീഴ് താലൂക്ക് ആശുപത്രി വരെ റോഡിൽ കുഴികൾ ഇല്ലാത്ത ഭാഗങ്ങളില്ല. കാൽനട യാത്രക്കാരുൾപ്പെടെ അപകടത്തിലാകുന്നതും പതിവെന്നാണ് നാട്ടുകാർ പറയുന്നത്.
താലൂക്ക് ആശുപത്രിക്ക് മുന്നിലെ പ്രധാന റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. മൂന്ന് റോഡുകൾ സംഗമിക്കുന്ന ഇടമായതിനാൽ അപകടസാദ്ധ്യതയും കൂടുതലാണ്. ഇതിനോടു ചേർന്ന മേപ്പൂക്കട റോഡ് അടുത്തിടെ നവീകരിച്ചപ്പോൾ ആശുപത്രിയിൽ പ്രവേശിക്കാനുള്ള ഭാഗത്തെ കുഴികൾ അടയ്ക്കാൻ അധികൃതർ തയ്യാറായില്ല. വാഹന-കാൽനട യാത്രക്കാർ നന്നേ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. ഈ റോഡിൽ കവലോട്ടുകോണം റോഡിന് സമീപത്തായി പൈപ്പ് പൊട്ടി വെള്ളം കെട്ടി വൻകുഴികൾ രൂപപെട്ടിട്ടുമുണ്ട്.
പൊട്ടിപ്പൊളിഞ്ഞ് റോഡുകൾ
അണപ്പാട്-പോങ്ങുംമൂട് റോഡിൽ കഴിഞ്ഞ 8 മാസമായി യാത്രാദുരിതമാണ്. റോഡിൽ കൂറ്റൻ പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിയും റോഡിന്റെ തകർച്ചയുമാണ് ദുരിതയാത്രയ്ക്ക് കാരണം. പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി മണ്ണ് മാത്രമിട്ട് മൂടുന്നത് അപകടത്തിന് കാരണമാകാറുണ്ട്. അണപ്പാട് ഭജനമഠം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കൊടുംവളവിൽ റോഡാകെ പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ട് കാലങ്ങളായി. മഴപെയ്താലുടൻ വെള്ളക്കെട്ടും റോഡിലാകെ ചെളിയുമാണ്. വീതി കുറവായ ഈ റോഡിൽ ചില ഘട്ടങ്ങളിൽ കാൽനടയും ബുദ്ധിമുട്ടാകാറുണ്ട്. ഈ റോഡിന്റെ ഒരുവശം ഇപ്പോഴും കുഴിയാണ്. മഴപെയ്താൽ വെള്ളക്കെട്ടായി മാറാറുണ്ട്.
കഴികൾ മൂടിയില്ല
അണപ്പാട് മുതൽ പോങ്ങുംമൂട് വരെയുള്ള റോഡിന്റെ അവസ്ഥയും വിഭിന്നമല്ല. റോഡിന് ഇരുവശത്തും പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിയും റോഡ് തകരാൻ കാരണമാണ്. പൈപ്പിനെടുത്ത കുഴികൾ പലഭാഗത്തും മൂടാതെ കിടക്കുന്നതും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. റോഡിലെ മെറ്റൽ ഇളകി കുണ്ടും കുഴിയുമായി തീർന്ന റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. ഈ റോഡിൽ സ്കൂൾ -കോളേജുകൾ സ്ഥിതി ചെയ്യുന്നുണ്ട്.എപ്പോഴും തിരക്കേറിയതിനാൽ ഏത് സമയത്തും ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്.