കണ്ടംചെയ്യാൻ സൂക്ഷിച്ചിരുന്ന പഴയ സർക്കാർ വാഹനങ്ങൾ അനിലിന്റെ വീക്ക്‌നസ്, തട്ടിയെടുത്തത് ബാറ്ററികൾ

Thursday 16 October 2025 1:00 AM IST

തിരുവനന്തപുരം: വികാസ് ഭവന്റെ പിറകിൽ കണ്ടം ചെയ്യാൻ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ച പ്രതി പിടിയിൽ. വഞ്ചിയൂർ ടി.സി 12/178ൽ അനിൽകുമാറാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. ഓഡിറ്റ്, ജലസേചനം,ഫിഷറീസ്,വാണിജ്യം തുടങ്ങിയ വകുപ്പുകളുടെ വാഹങ്ങളിൽ നിന്നാണ് ബാറ്ററി മോഷ്ടിച്ചത്. കഴിഞ്ഞമാസമാണ് സംഭവം.

പൊലീസ് സി.സി.ടി.വികൾ പരിശോധിച്ചതിൽ നിന്ന് ഒരു വാഗണർ കാറും ഒരു ആക്ടിവ സ്‌കൂട്ടറും സംഭവസ്ഥലത്ത് വന്നതായി മനസിലായെങ്കിലും വാഹനങ്ങളുടെ നമ്പർ കിട്ടിയില്ല. പ്രദേശത്തെ മറ്റ് സി.സി.ടിവികൾ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ കണ്ടെത്താനായില്ല. പൊലീസ് ഓഫീസർ രാജേഷിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി പി.എം.ജിയിൽ നടത്തുന്ന തട്ടുകടയിൽ വാഹനം നിറുത്തുകയും അവിടെ നിന്ന് ആളെ കയറ്റി പോകുന്നതും സി.സി.ടിവിയിൽ കണ്ടെത്തി. അന്വേഷണത്തിനായി 40ഓളം സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. എ.സി.പി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ, ബാലസുബ്രഹ്മണ്യൻ, സൂരജ്, സി.പി.ഒമാരായ ഷൈൻ,രാജേഷ്,സുനീർ,ബിനിൽ,അനൂപ്,പ്രവീൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.