ഡൽഹിയിൽ ദീപാവലിക്ക് ഹരിത പടക്കം പൊട്ടിക്കാം ഉപാധികളോടെ സുപ്രീംകോടതി അനുമതി
ന്യൂഡൽഹി: ശൈത്യകാലത്തേക്ക് നീങ്ങുന്ന ഡൽഹിയിൽ വായുനിലവാരം മോശമാകുന്നതിനിടെ,ദീപാവലിക്ക് ഹരിത പടക്കം പൊട്ടിക്കാൻ കർശന ഉപാധികളോടെ സുപ്രീംകോടതി അനുമതി നൽകി. 20നാണ് ദീപാവലി. തലേദിവസമായ 19നും ദീപാവലി ദിവസവും രാവിലെ 6 മുതൽ 7 വരെയും,രാത്രി 8 മുതൽ 10 വരെയും ഹരിത പടക്കം പൊട്ടിക്കാം. 18 മുതൽ 20 വരെ ഹരിത പടക്കം വിൽക്കാമെന്നും,അതിനായി ജില്ലാഭരണക്കൂടങ്ങൾ പ്രത്യേക മേഖലകൾ നിശ്ചയിച്ചു നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഹരിത പടക്കങ്ങൾ മാത്രമാണ് വിൽക്കുന്നതെന്ന് അധികൃതർ ഉറപ്പാക്കണം. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി പട്രോളിംഗ് നടത്തണം. ഹരിത പടക്കമല്ലാത്തവ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവ പിടിച്ചെടുക്കണം. വില്പനക്കാർക്ക് പിഴയിടണം. ലൈസൻസ് റദ്ദാക്കണം. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്,ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ദീപാവലി,ക്രിസ്മസ്,പുതുവർഷം തുടങ്ങിയ സമയങ്ങളിൽ പടക്ക നിരോധനം പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരും ഡൽഹി,ഹരിയാന സർക്കാരുകളും ആവശ്യപ്പെട്ടിരുന്നു.
അനിയന്ത്രിതമായ ഉപയോഗം
അനുവദിക്കാനാകില്ല
മതപരമായ ഉത്സവങ്ങളുടെ കാര്യത്തിലാണെങ്കിലും പടക്കങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം അനുവദിക്കാനാകില്ലെന്ന് കോടതി നിലപാടെടുത്തു. ഒക്‌ടോബർ 14 മുതൽ 25 വരെയുള്ള ഡൽഹിയിലെ വായുനിലവാര സൂചിക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിരീക്ഷിക്കണമെന്നും,റിപ്പോർട്ട് കൈമാറണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഡൽഹിയിൽ ഇന്നലെ വായുനിലവാര സൂചിക 'വളരെ മോശം' കാറ്രഗറിയിലായിരുന്നു. 300ന് മുകളിലായിരുന്നു പല മേഖലകളിലും.