പെട്രോകെമിക്കൽസ് സഹകരണം കൂട്ടാൻ ഇന്ത്യ-സൗദി ധാരണ
ന്യൂഡൽഹി: രാസവസ്തുക്കൾ-പെട്രോകെമിക്കൽസ് മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണയായി. കേന്ദ്ര രാസവസ്തു-രാസവള മന്ത്രാലയത്തിനു കീഴിലുള്ള കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പിലെയും സൗദി വ്യവസായ-ധാതു മന്ത്രാലയത്തിലെയും പ്രതിനിധി സംഘങ്ങൾ നടത്തിയ ചർച്ചയിലാണിത്. ഇന്ത്യൻ സംഘത്തെ കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പ് സെക്രട്ടറി നിവേദിത ശുക്ല വർമ്മ നയിച്ചു. വ്യവസായ-ധാതു ഉപമന്ത്രി എച്ച്.ഇ ഖലീൽ ബിൻ ഇബ്രാഹിം ബിൻ സലാമയാണ് സൗദി പ്രതിനിധി സംഘത്തെ നയിച്ചത്. ഇരു രാജ്യങ്ങളിലെയും പ്രധാന കമ്പനികൾ തമ്മിലുള്ള പങ്കാളിത്ത സാധ്യതകളും ചർച്ച ചെയ്തു. ഗവേഷണവും വികസനവും,നൈപുണ്യ വികസനം എന്നീ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കും. 2024-25ൽ ഇരു രാജ്യങ്ങളുടേയും ഉഭയകക്ഷി വ്യാപാരം 41.88 ബില്യൺ യു.എസ് ഡോളറിലെത്തി. 10 ശതമാനം രാസവസ്തു-പെട്രോകെമിക്കൽസ് മേഖലയിലാണ്.