പുട്ടിനെ കണ്ട് സിറിയൻ പ്രസിഡന്റ്
മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി സിറിയൻ പ്രസിഡന്റ് അഹ്‌മ്മദ് അൽ-ഷറാ. സിറിയയും റഷ്യയും തമ്മിലെ പ്രത്യേക ബന്ധം ഇരുനേതാക്കളും ചർച്ച ചെയ്തു. സിറിയയിലുള്ള റഷ്യൻ മിലിട്ടറി ബേസുകളുടെ പ്രവർത്തനം തുടരാൻ അനുവദിക്കുമെന്ന് ഷറാ പുട്ടിനെ അറിയിച്ചു. അതേ സമയം, റഷ്യയിൽ കഴിയുന്ന മുൻ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ വിട്ടുകിട്ടണമെന്ന് ഷറാ പുട്ടിനോട് ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. വിഷയം ഇരുവരും ചർച്ച ചെയ്തോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ഡിസംബറിൽ, ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ അസദിനെ അട്ടിമറിച്ച് തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന സിറിയയുടെ ഭരണം പിടിക്കുകയായിരുന്നു. തുടർന്നാണ് എച്ച്.ടി.എസ് മേധാവി ഷറാ പ്രസിഡന്റായത്. പുട്ടിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ് അസദ്. രാജ്യത്ത് അഭയം തേടിയിരിക്കുന്ന അദ്ദേഹത്തെ റഷ്യ വിട്ടുകൊടുക്കാൻ തയ്യാറാകില്ല.