ഒറ്റ കുത്ത് തന്നാലുണ്ടല്ലോ..!
ലണ്ടൻ : കണ്ടാൽ ഒരു ഇത്തിരിക്കുഞ്ഞൻ മത്സ്യം. പക്ഷേ, വലിപ്പം ചെറുതാണെങ്കിലും ഇതിന്റെ കുത്തേറ്റാൽ മനുഷ്യർക്ക് ബോധക്ഷയം വരെ സംഭവിച്ചേക്കാം. ! വീവർ ഫിഷ് എന്നറിയപ്പെടുന്ന ഇവ ഇളം തവിട്ട് നിറത്തിലും വളരെ നേർത്ത ആകൃതിയിലുമാണുള്ളത്. ഏകദേശം 8 - 12 സെന്റീമീറ്ററോളമാണ് വലിപ്പം. 37 സെന്റീമീറ്റർ വരെയും ഇവയ്ക്ക് വളരാനാകും. ഇവ കടൽത്തീരത്തെ മണ്ണിൽ പറ്റിച്ചേർന്നിരിക്കുന്നത് കണ്ടെത്താൻ പ്രയാസമാണ്. കടൽത്തീരത്തെ മണ്ണിനടിയിലാണ് പലപ്പോഴും ഇവ സമയം ചെലവഴിക്കുക.
മുകൾഭാഗത്തെ ചിറക് മാത്രമേ ഈ അവസരത്തിൽ മണ്ണിന് പുറത്ത് കാണാനാകൂ. ഈ ചിറകുകളിൽ ഒളിച്ചിരിക്കുന്ന മൂന്ന് വിഷ മുള്ളുകളാണ് മറ്റ് ജീവികൾക്ക് വില്ലനാകുന്നത്. ഈ വിഷം മനുഷ്യർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെങ്കിലും മുള്ള് കൊണ്ടാൽ അതിശക്തമായ വേദനയാണുണ്ടാവുക. ഓരോരുത്തരിലും വേദനയുടെ തീവ്രതയും ശാരീരിക അസ്വസ്ഥതകളും വ്യത്യസ്തമായി അനുഭവപ്പെടാം. പലരിലും കുത്തേറ്റ ഭാഗം തടിച്ചു വീർക്കാറുണ്ട്.
യൂറോപ്യൻ തീരങ്ങളിലാണ് ഇക്കൂട്ടരെ കണ്ടുവരുന്നത്. വീവർ ഫിഷിന്റെ സാന്നിദ്ധ്യം കണക്കിലെടുത്ത് യു.കെ, അയർലൻഡ് ബീച്ചുകളിൽ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകുന്നത് സാധാരണമാണ്.