ഹമാസിനെതിരെ ഇസ്രയേൽ: 'ലഭിച്ച മൃതദേഹം ബന്ദിയുടേത് അല്ല"
ടെൽ അവീവ്: ഹമാസ് ഇന്നലെ പുലർച്ചെ വിട്ടുനൽകിയ നാല് മൃതദേഹങ്ങളിൽ ഒന്ന് ബന്ദിയുടേത് അല്ലെന്ന് ഇസ്രയേൽ. ലഭിച്ച മൃതദേഹം ബന്ദികളാക്കപ്പെട്ട ആരുടെയും ഡി.എൻ.എയുമായി പൊരുത്തപ്പെടുന്നില്ലെന്നും മൃതദേഹങ്ങൾ വിട്ടുനൽകാതെ ഹമാസ് കരാർ ലംഘനം നടത്തുകയാണെന്നും ഇസ്രയേൽ ആരോപിച്ചു.
മൃതദേഹങ്ങൾ ഉടൻ നൽകിയില്ലെങ്കിൽ ഗാസയിലേക്കുള്ള സഹായ വിതരണം നിയന്ത്രിക്കുമെന്നും ഈജിപ്റ്റിനും ഗാസയ്ക്കുമിടെയിലെ റാഫ അതിർത്തി തുറക്കുന്നത് വൈകിപ്പിക്കുമെന്നും ഇസ്രയേൽ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
അതേ സമയം, ഇന്നലെയും സഹായ ട്രക്കുകളെ ഇസ്രയേൽ ഗാസയിലേക്ക് കടത്തിവിട്ടു. കരീം ഷാലോം അതിർത്തി വഴിയാണ് ട്രക്കുകളെ കടത്തിവിടുന്നത്. റാഫ ഇന്നോ നാളെയോ തുറന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഗാസയിലേക്കുള്ള പ്രതിദിന സഹായ ട്രക്കുകളുടെ എണ്ണം 600ൽ എത്തിക്കാനാണ് ലക്ഷ്യം.
28 ബന്ദികളാണ് ഹമാസിന്റെ തടവിലിരിക്കെ കൊല്ലപ്പെട്ടത്. ഇതിൽ നാല് പേരുടെ മൃതദേഹം തിങ്കളാഴ്ചയും മറ്റ് നാല് മൃതദേഹങ്ങൾ ഇന്നലെ പുലർച്ചെയും വിട്ടുനൽകി. ഇന്നലെ ലഭിച്ച അജ്ഞാത മൃതദേഹം ഒഴികെ, മറ്റ് ഏഴ് മൃതദേഹങ്ങളും ഫോറൻസിക് പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
ബന്ദികളിൽ ചിലരുടെ മൃതദേഹം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഹമാസ് തന്നെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്ന സമാധാന കരാർ പ്രകാരം 360 പാലസ്തീനികളുടെ മൃതദേഹങ്ങൾ വിട്ടുനൽകാൻ ഇസ്രയേലും ധാരണയായിരുന്നു. ഇതിൽ 90 പേരുടെ മൃതദേഹങ്ങൾ കൈമാറിക്കഴിഞ്ഞു.
ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്
സമാധാന പദ്ധതി പ്രകാരം ഹമാസ് ആയുധം ഉപേക്ഷിക്കാൻ വിസമ്മതിച്ചാൽ, അക്രമാസക്തമായ മാർഗ്ഗത്തിലൂടെയാണെങ്കിൽ പോലും അത് സാദ്ധ്യമാക്കിയിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ സൈന്യം പിൻമാറിയ ഗാസയിലെ പ്രദേശങ്ങളിൽ ഹമാസ് ശക്തി പ്രാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.
പ്രാദേശിക സായുധ സേനകളുമായി ഏറ്റുമുട്ടൽ തുടങ്ങിയ ഹമാസ്, ഇസ്രയേൽ അനുഭാവികളെന്ന് കാട്ടി ഏഴ് പേരെ പരസ്യമായി വെടിവച്ചു കൊന്നിരുന്നു. ഹമാസ് ആയുധം ഉപേക്ഷില്ലെങ്കിൽ കാര്യങ്ങൾ വഷളാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു.