സോയാബീൻ വാങ്ങുന്നില്ല: ചൈനീസ് എണ്ണ ഇറക്കുമതി നിറുത്തുമെന്ന് ട്രംപ്
വാഷിംഗ്ടൺ: സോയാബീൻ ഇറക്കുമതി നിറുത്തിവച്ച ചൈനയ്ക്കെതിരെ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന ബോധപൂർവ്വമാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഇതിലൂടെ അമേരിക്കൻ കർഷകർക്ക് നഷ്ടമുണ്ടാകുന്നെന്നും കുറ്റപ്പെടുത്തിയ ട്രംപ്, ചൈനയിൽ നിന്നുള്ള പാചക എണ്ണ ഇറക്കുമതി അവസാനിപ്പിക്കുന്നത് അടക്കം വ്യാപാരം നിയന്ത്രിക്കുന്ന നടപടികൾ പരിഗണനയിലുണ്ടെന്നും പറഞ്ഞു.
യു.എസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി കുത്തനെ കുറച്ച ചൈന, ബ്രസീലിനെയും അർജന്റീനയേയുമാണ് നിലവിൽ ആശ്രയിക്കുന്നത്. അതേ സമയം, ചൈനയിൽ നിന്നുള്ള യു.എസിന്റെ പാചക എണ്ണ ഇറക്കുമതി കുറവാണെന്നും അത് നിറുത്തിവയ്ക്കുന്നത് കാര്യമായ ആഘാതം സൃഷ്ടിക്കില്ലെന്നും വിദഗ്ദ്ധർ പറയുന്നു.
അതിനിടെ, നിർണായകമായ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ചൈന ശ്രമിക്കുകയാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കുറ്റപ്പെടുത്തി.