പണികിട്ടുന്നത് 25 തികഞ്ഞ സിംഗിൾസിന്; കുരുമുളകുപൊടി വരെ ദേഹത്ത് വിതറും, കാരണം

Thursday 16 October 2025 1:23 PM IST

എല്ലാവരുടെയും ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദിവസമാണ് പിറന്നാൾ ദിനം. കേക്കും മിഠായിയും പുതിയ വസ്ത്രങ്ങളുമൊക്കെയായി. മധുരമുള്ള ഓർമ്മകളാണ്. എന്നാൽ ഡെന്മാർക്കിലെ കാര്യം അങ്ങനെയല്ല. അവിടെയുള്ള അവിവാഹിതർക്ക് 25-ാം പിറന്നാൾ ഒരു പേടി സ്വ‌പ്നമാണ്. അതിന് കാരണം വർഷങ്ങളായി പിന്തുടരുന്ന ഒരു ആചാരമാണ്. അവിവാഹിതരായി 25-ാം പിറന്നാൾ ആഘോഷിക്കുന്നവരെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് കറുവപ്പട്ട പൊടികൊണ്ട് മൂടുന്നതാണ് ആ ആചാരം. രസകരമായ കാര്യമായിട്ടാണ് ജനങ്ങൾ ഇതിനെ കാണുന്നത്.

പിന്നിലെ ചരിത്രം

ഈ 'മസാല പുരട്ടൽ' ആചാരം ആരംഭിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിൽ നിന്നാണ്. അന്ന് ഡെന്മാർക്കിലെ സുഗന്ധവ്യഞ്ജന വ്യാപാരികളുമായി ബന്ധപ്പെട്ടാണ് ഈ ആചാരം ആരംഭിച്ചത്. സുഗന്ധവ്യവ്യഞ്ജന വ്യാപാരികൾ കച്ചവടവുമായി ബന്ധപ്പെട്ട് എപ്പോഴും യാത്ര ചെയ്തിരുന്നു. വിദേശങ്ങളിലും മറ്റും കച്ചവടത്തിനായി പോകുന്ന ഇവർ സ്ഥിരമായി ഒരു സ്ഥലത്ത് ഉറച്ചുനിൽക്കാത്തവർ ആയിരുന്നു. അതുകൊണ്ട് അവർക്ക് ജീവിതപങ്കാളികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അത്തരത്തിൽ വിവാഹം കഴിക്കാതെ ഇരിക്കുന്ന പുരുഷന്മാരെ 'പെബേർസ്വെൻഡ്സ്' അഥവാ 'പെപ്പർ ഡ്യൂഡ്സ്' എന്നാണ് വിളിച്ചിരുന്നത്. സമാനമായ രീതിയിൽ വിവാഹം ചെയ്യാത്ത സ്ത്രീകളെ 'പെബർമോ' അഥവാ പെപ്പർ മെയ്ഡൻ' എന്നാണ് വിളിച്ചിരുന്നത്. പ്രായപൂർത്തിയായിട്ടും വിവാഹിതരാകാത്തവരെ ഈ വ്യാപാരികളോട് ഉപമിച്ചാണ് മസാലയിൽ കുളിപ്പിക്കുന്ന ആചാരം ഡെന്മാർക്കിൽ ആരംഭിച്ചത്.

ആചാരം പലവിധം

ചിലരെ സുഹൃത്തുക്കൾ തല മുതൽ കാൽ വരെ മൂടുന്ന തരത്തിൽ ശരീരമാകെ പൊടി വിതറുന്നു. അത് പോകാതിരിക്കാൻ വെള്ളം തള്ളിച്ചുകൊടുക്കുന്നവരും ഉണ്ട്. ചിലർ കറുവപ്പട്ട പൊടിയിൽ മുട്ട പൊട്ടിച്ച് കലക്കി ദേഹത്ത് ഒഴിക്കുന്നു. 25 വയസ് കഴിഞ്ഞിട്ടും അവിവാഹിതരായി തുടർന്നാൽ പിന്നെ അങ്ങോട്ടുള്ള എല്ലാ പിറന്നാളിനും ഈ പൊടി വിതറൽ പ്രതീക്ഷിക്കാം. പക്ഷേ വർഷം കൂടുന്നതനുസരിച്ച് പൊടികൾ മാറും. മുപ്പത് വയസിലും വിവാഹം കഴിച്ചിട്ടില്ലെങ്കിൽ കറുവപ്പട്ട പൊടി മാറ്റി കുരുമുളകുപൊടി ദേഹത്ത് വിതറും. കുരുമുളകിലും മുട്ട ചേർക്കാറുണ്ട്.

യുവാക്കൾക്കിടയിലെ തമാശ

പിറന്നാൾ ആഘോഷിക്കാൻ ഒരു രസകരമായ മാർഗമായാണ് അവർ ഇതിനെ കാണുന്നത്. വ്യക്തികളെ അപമാനിക്കുകയോ ദ്രോഹിക്കുകയോ ചെയ്യണമെന്ന ഉദ്ദേശത്തോടെയല്ല ഇത് ചെയ്യുന്നത്. വെറും ഒരു ആഘോഷമായി മാത്രമാണ് ഇതിനെ എല്ലാവരും കാണുന്നത്. പൊടി വിതറുന്നതിന് മുൻപ് കണ്ണ് സംരക്ഷിക്കാൻ കണ്ണാടികളും ആളുകൾ വയ്ക്കാറുണ്ട്. ഈ ആചാരം യുവാക്കളെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്നില്ല. ഡെന്മാർക്കിലെ ശരാശരി വിവാഹപ്രായം 30ആണ്. അതായത് മിക്ക ആളുകൾക്കും ഈ പണികിട്ടാറുണ്ടെന്ന് വ്യക്തം. ഈ ആചാരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാവാറുണ്ട്.