ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: വ്യവസായിക്ക് നഷ്ടമായത് കോടികൾ

Thursday 16 October 2025 2:56 PM IST

മുംബയ്: ഇഡി, സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പുകാർ വ്യവസായിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ കവർന്നത് കോടികൾ. മുംബയിലെ 72കാരനായ വ്യവസായിയിൽ നിന്ന് 58 കോടി രൂപയോളമാണ് തട്ടിപ്പുകാർ തട്ടിയെടുത്തത്. ഡിജിറ്റൽ അറസ്റ്റ് സൈബർ തട്ടിപ്പിലൂടെ ഒരാൾക്ക് ഏറ്റവും കൂടുതൽ പണം നഷ്ടപ്പെടുന്ന കേസാണിത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മഹാരാഷ്ട്ര സൈബർ വകുപ്പ് അറസ്റ്റ് ചെയ്തു.

കേസിൽ, ഇഡി, സിബിഐ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ ഓഗസ്റ്റ് 19നും ഒക്ടോബർ എട്ടിനും ഇടയിലാണ് വ്യവസായിയെ ബന്ധപ്പെട്ടത്. ഇദ്ദേഹത്തിന്റെ പേര് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിക്കുകയായിരുന്നു.

വ്യവസായിയുമായി വീഡിയോ കോൾ ചെയ്ത ശേഷം അദ്ദേഹത്തെയും ഭാര്യയെയും ഡിജിറ്റൽ അറസ്റ്റിലാക്കിയെന്ന് വരുത്തിയതോടെ വ്യവസായി പരിഭ്രാന്തനായി. തുടർന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഏകദേശം രണ്ട് മാസത്തിനുള്ളിൽ റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) വഴി നിരവധി ബാങ്ക് അക്കൗണ്ടുകളിലായി വ്യവസായി 58 കോടി രൂപയോളമാണ് സംഘത്തിന് കൈമാറിയത്.

ചതിക്കപ്പെട്ടു എന്ന് മനസിലാക്കിയതിനെത്തുടർന്ന് ഇദ്ദേഹം സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് സൈബർ പൊലീസ് കഴിഞ്ഞ ആഴ്ചയാണ് കേസെടുത്തത്. അന്വേഷണത്തിൽ 18 ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി. തുക മരവിപ്പിക്കാനായി പൊലീസ് ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചു.

തട്ടിപ്പിൽ പങ്കാളികളായ മൂന്ന് പേരെ പൊലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മുംബയ് സെൻട്രൽ സ്വദേശികളായ അർജുൻ കദ്വാസര (55), സഹോദരൻ ജേതാറാം (35), മലാഡ് സ്വദേശിയായ അബ്ദുൾ ഖുള്ളി (47) എന്നിവരാണ് അറസ്റ്റിലായത്.