പെരുമ്പിള്ളിശേരിയിൽ വീടുകയറി ആക്രമണം: യുവാവ് പിടിയിൽ
ചേർപ്പ്: വീടുകയറി അക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചൊവ്വൂർ പെരുമ്പിള്ളിശ്ശേരി വീട്ടിൽ ശ്രീനാഥ് (22) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച പെരുമ്പിള്ളിശ്ശേരി മാമ്പുള്ളി മുരളീധരൻ (58) എന്നയാളുടെ വീട്ടിൽ അതിക്രമിച്ച് കയറി മുരളീധരനെയും ഭാര്യയേയും ഭീഷണിപ്പെടുത്തുകയും വീടിന്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ഒട്ടോറിക്ഷയുടെ മുൻവശത്തെ ചില്ലുകളും വീടിന്റെ ജനലുകളും വാതിലുകളും വൈദ്യുതി മീറ്റർ ബോർഡും ചെടിച്ചെട്ടികളും ഇയാൾ കമ്പിവടി ഉപയോഗിച്ച് അടിച്ചു തകർത്തു. മുരളീധരന്റെ മകൻ ശ്രീരാമും പ്രതിയായ ശ്രീനാഥും തമ്മിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ മുൻ വൈര്യാഗമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ, ചേർപ്പ് സി.ഐ സുബിന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.