'ആകെ ആസ്തി 12400 കോടി, എന്നിട്ടം മതിയാകാതെ ഷാരൂഖ് ഖാന്‍ എന്തിന് ഇത് ചെയ്യുന്നു'

Thursday 16 October 2025 6:51 PM IST
SHARUKH KHAN

മുംബയ്: വിദേശ രാജ്യങ്ങളില്‍പ്പോലും നിരവധി ആരാധകരുള്ള നടനാണ് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാനായ ഷാരൂഖ് ഖാന്‍. പല രാജ്യങ്ങളിലും ഇന്ത്യന്‍ സിനിമയെന്നാല്‍ അത് ഷാരൂഖ് ഖാനാണ്. കാലങ്ങളായി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന ഷാരൂഖിന്റെ ആസ്തി 12,400 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ ഷാരൂഖിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് യൂട്യൂബറും മാദ്ധ്യമപ്രവര്‍ത്തകനുമായ ധ്രുവ് റാഠി.

പാന്‍ മസാല ഉത്പന്നങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ താരം അഭിനയിക്കുന്നതിനെയാണ് ധ്രുവ് റാഠി ചോദ്യം ചെയ്തിരിക്കുന്നത്. ശതകോടീശ്വരനായ ഷാരൂഖ് എന്തിനാണ് ഇത്തരം ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് ധ്രുവ് റാഠി ചോദിച്ചു. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അത്ര ആസ്തിയുള്ള നടന്‍ എന്ത് ഉദ്ദേശത്തിലാണ് ഈ പ്രവര്‍ത്തി ചെയ്യുന്നത്.

20 കോടി രൂപയാണ് 2014ല്‍ പാന്‍ മസാല ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ഷാരൂഖ് ഖാന്‍ പ്രതിഫലമായി വാങ്ങിയിരുന്നത്. അതായത് ഇപ്പോഴത്തെ കണക്ക് നോക്കിയാല്‍ പത്ത് വര്‍ഷത്തില്‍ അധികമായി ചെയ്യുന്ന പരസ്യങ്ങളില്‍ നിന്ന് 200 കോടി രൂപ വരെ അദ്ദേഹത്തിന് ഈ ഇനത്തില്‍ ലഭിച്ചിട്ടുണ്ടാകാം. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനെ പോലെ വലിയ സമ്പത്തുള്ള ഒരു താരത്തിന് ഇത്രയും ഹാനികരമായ ഒരു ഉത്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച് തുക സമ്പാദിക്കേണ്ട ആവശ്യമുണ്ടോയെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ റാഠി ചോദിക്കുന്നു.

'യഥാര്‍ത്ഥ ചോദ്യം ഇതാണ്, നിങ്ങള്‍ക്ക് ശരിക്കും അധികമായി കിട്ടുന്ന ഈ 100 മുതല്‍ 200 കോടി രൂപയുടെ ആവശ്യമുണ്ടോ? നിങ്ങള്‍ ആത്മാര്‍ഥമായി ഒന്നാലോചിച്ച് സ്വയം ചോദിക്കുക. ഇത്രയധികം സമ്പത്തുകൊണ്ട് നിങ്ങള്‍ എന്തുചെയ്യാനാണ്? ഇനി മറ്റൊരു കോണില്‍നിന്ന് ചിന്തിക്കുക, രാജ്യത്തെ ഏറ്റവും വലിയ ഒരു നടന്‍ ഇത്തരം ഹാനികരമായ ഉത്പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തിയാല്‍, അത് രാജ്യത്ത് എന്ത് സ്വാധീനമായിരിക്കും ചെലുത്തുക?',- ധ്രുവ് റാഠി ചോദിക്കുന്നു.