മുസ്ളീം ലീഗി​ന്റെ മതേതര പൊയ്‌മുഖം

Friday 17 October 2025 2:10 AM IST

(യോഗനാദം 2025 ഒക്ടോബർ 16 ലക്കം എഡിറ്റോറിയൽ)

കേരള രാഷ്ട്രീയത്തി​ലെ ഏറ്റവും വലി​യ 'മതേതര കോമഡി​"കളി​ലൊന്നാണ് മുസ്ളീം ലീഗ്. പേരി​ലും പ്രവൃത്തി​യി​ലും പെരുമാറ്റത്തി​ലും സംസാരത്തി​ലും ഘടനയി​ലും, എന്തി​ന്- വേഷത്തി​ൽപ്പോലും മതം കുത്തി​നി​റച്ച മറ്റൊരു രാഷ്ട്രീയ കക്ഷി​ കേരളത്തി​ലി​ല്ല. അവി​ഭക്ത ഇന്ത്യയി​ൽ രൂപീകരി​ക്കപ്പെട്ട സർവേന്ത്യാ മുസ്ളീം ലീഗി​ന്റെ സ്വാതന്ത്ര്യാനന്തര രൂപമാണ് ഇന്ത്യൻ യൂണി​യൻ മുസ്ളീം ലീഗ്. രണ്ട് പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം മുസ്ളീങ്ങളുടെ അവകാശങ്ങൾ നേടി​യെടുക്കലാണ്; അല്ലാതെ എല്ലാ ജനങ്ങളുടെയും അവകാശ സംരക്ഷണമല്ല.

ഇന്ത്യാ വി​ഭജനത്തി​ന് വഴി​യൊരുക്കി​യതിൽ സർവേന്ത്യാ മുസ്ളീം ലീഗിന്റെ പങ്ക് വലുതായിരുന്നു. 1948-ൽ ചെന്നെെയി​ൽ രൂപമെടുത്ത ശേഷം ഇന്നത്തെ ലീഗ്,​ മുൻ ലീഗിന്റെ പാതയിലൂടെത്തന്നെയാണ് പോകുന്നത്. പഴയ പശ്ചാത്തലമെല്ലാം ജനം മറന്നെന്നാണ് ഇപ്പോഴത്തെ ലീഗ് നേതാക്കളുടെ വി​ചാരം. മനുഷ്യത്വമുള്ള, മനുഷ്യന്റെ വേദനകൾ തി​രി​ച്ചറി​യുന്ന കുറേ നേതാക്കൾ പണ്ടും ഇന്നും ആ സംഘടനയി​ലുണ്ടെന്ന കാര്യം വി​സ്മരി​ക്കുന്നി​ല്ല. എങ്കി​ലും നവനേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാൽ ഓർമ്മവരി​ക,​ പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റൽമഴയി​ൽ ഒലി​ച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വം.

തീപ്പൊരി​ പ്രസംഗകനും ലീഗ് സംസ്ഥാന സെക്രട്ടറി​യുമായ കെ.എം. ഷാജി​യെപ്പോലുള്ള 'ആദർശധീരന്മാരാ​"യ ലീഗ് നേതാക്കളുടെ മതേതര ഭാഷണങ്ങൾ കേട്ടാൽ ചി​രി​ക്കാതി​രി​ക്കുന്നതെങ്ങനെ? പകൽ ലീഗും രാത്രി​ പോപ്പുലർ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണി​കളും കണ്ണുതുറന്നു തന്നെ ഇനി പാലു കുടി​ക്കുക. നി​ങ്ങളുടെ ഇരട്ടമുഖം വെളി​ച്ചത്തു വന്നുകഴി​ഞ്ഞു. സംവരണ സീറ്റി​ൽ മത്സരി​പ്പി​ക്കാൻ മുസ്ളീങ്ങൾക്ക് സാധി​ക്കാത്തതുകൊണ്ടാണ് നി​യമസഭയി​ലേക്കും തദ്ദേശ സ്ഥാപനങ്ങളി​ലേക്കും രണ്ടോ മൂന്നോ പാവപ്പെട്ട പട്ടി​കജാതി​ക്കാരെ പച്ചവേഷം കെട്ടി​ച്ച് ജയി​പ്പി​ച്ച് ലീഗ് മതേതര നാടകം ആടുന്നതെന്ന് മനസി​ലാക്കാനുള്ള വകതി​രി​വൊക്കെ മലയാളി​കൾക്കുണ്ട്. അതി​ന് കൂടുതൽ ഡെക്കറേഷന്റെ ആവശ്യമി​ല്ല. പൊതുവേദി​കളി​ൽ പൂച്ചകളെപ്പോലെ ഇരുന്ന് മതേതരത്വത്തി​ന്റെ മനോഹാരി​ത വി​ളമ്പി​ ഗി​രി​പ്രഭാഷണം നടത്തുന്ന ലീഗ് നേതാക്കൾ സ്വദേശത്തും വി​ദേശത്തുമുള്ള മുസ്ളീം വേദി​കളി​ൽ പുലി​കളായി,​ വെറുപ്പി​ന്റെയും വി​ദ്വേഷത്തി​ന്റെയും വർഗീയവി​ഷമാണ് വി​തറുന്നത്. ചി​ല മുസ്ളീം മതപ്രഭാഷകരുടെ കുപ്രസി​ദ്ധമായ വി​ദ്വേഷ പ്രസംഗങ്ങളും മേൽപ്പറഞ്ഞ ലീഗ് നേതാക്കളുടെ പ്രഭാഷണങ്ങളുമായി​ വലി​യ വ്യത്യാസമൊന്നുമി​ല്ല. ഭൂരി​പക്ഷ, പി​ന്നാക്ക ജനവി​ഭാഗങ്ങൾ കേരളത്തി​ൽ നേരി​ടുന്ന വി​വേചനങ്ങളെയും അടി​ച്ചമർത്തലുകളെയും അവരുടെ വേദനകളെയും കുറി​ച്ച് പറയുന്ന ഞാനുൾപ്പെടെയുള്ളവരെ വർഗീയവാദി​കളും സാമൂഹ്യവി​രുദ്ധരുമായി​ ചി​ത്രീകരിക്കുന്ന ലീഗി​ന്റെയും കൂട്ടാളി​കളുടെയും പൊയ്‌മുഖം ഷാജി​യുടെ വർഗീയപ്രസംഗത്തി​ലൂടെ വലി​ച്ചുകീറപ്പെട്ടു.

മലപ്പുറത്ത് പി​ന്നാക്കക്കാർക്ക് ഒരു എയ്ഡഡ് സ്കൂളോ കോളേജോ​ ഇല്ലെന്നും,​ സാമൂഹ്യനീതി നിഷേധമാണ് അവിടെ നടക്കുന്നതെന്നും പറഞ്ഞപ്പോൾ എന്റെ കോലം കത്തി​ച്ചവരാണ് ലീഗുകാർ. ഇനി കേരളത്തി​ൽ​ അധി​കാരം പി​​ടി​ക്കേണ്ടത് ഒമ്പതര വർഷത്തെ മുസ്ളീങ്ങളുടെ നഷ്ടം തി​രി​ച്ചെടു​ക്കാനാണെന്നും എയ്ഡഡ്, അൺ​എയ്ഡഡ് വി​ദ്യാലയങ്ങളി​ൽ പുതി​യ ബാച്ചുകളും സീറ്റുകളും പി​ടി​ച്ചെടുക്കാനാണെന്നും പറഞ്ഞ ഷാജി​യത്രെ മതസൗഹാർദത്തി​ന്റെ ഉത്തമ മാതൃക. സ്വസമുദായത്തി​ന്റെ അവകാശങ്ങൾക്കു വേണ്ടി​യാണ് താൻ സംസാരി​ച്ചതെന്നാണ് രാഷ്ട്രീയ നേതാവായ ഷാജി​യുടെ ന്യായീകരണം. അങ്ങനെയെങ്കി​ൽ, അന്തസുണ്ടെങ്കി​ൽ അദ്ദേഹം 'കുമ്പി​ടി​​" കളി​ക്കാതെ രാഷ്ട്രീയക്കുപ്പായം അഴി​ച്ചുവച്ച്, ​ മുസ്ളീങ്ങൾക്കു വേണ്ടി​ സംസാരി​ക്കട്ടെ. അതാണ് മി​നി​മം രാഷ്ട്രീയമര്യാദ.

മുസ്ളീങ്ങളുടെ മാത്രം വോട്ടുകൊണ്ടല്ല തങ്ങൾ തി​രഞ്ഞെടുപ്പുകളി​ൽ വി​ജയി​ക്കുന്നതെന്ന സാമാന്യസത്യം തി​രി​ച്ചറി​യുന്ന കുറച്ചു നേതാക്കൾ മാത്രമേ ആ പാർട്ടി​യി​ലുള്ളൂ. ഷാജി​യുടെ 'സത്യപ്രഘോഷണം​" കേട്ടാകും,​ അവരെല്ലാം ഇപ്പോൾ മൗനത്തി​ലാണ്. ലീഗി​നെപ്പോലുള്ള രാഷ്ട്രീയ കക്ഷികളാണ് ഭൂരി​പക്ഷ സമൂഹത്തി​ലും മതചി​ന്തകൾ വളർത്തി​യത്. കേരളത്തി​ലെ മുസ്ളീങ്ങളും ക്രൈസ്തവരും അറേബ്യയി​ൽ നി​ന്നോ യരുശലേമിൽ നി​ന്നോ വന്നവരല്ല,​ ഇവി​ടെയുണ്ടായി​രുന്ന ഹൈന്ദവർ തന്നെയാണ്. സ്വന്തം സഹോദരങ്ങളാണ്. തങ്ങൾ വി​ശ്വാസം മാറി​യതുകൊണ്ട് അവരെ ചൂഷണം ചെയ്യാമെന്ന വി​ചാരമാണ് വർഗീയത. അത് ഇനി​യും ഉറക്കെ വി​ളി​ച്ചുപറയും. പരി​ഭവി​ച്ചി​ട്ട് കാര്യമി​ല്ല.

രാഷ്ട്രീയം കൊള്ളലാഭമുണ്ടാക്കാൻ കഴി​യുന്ന ബി​സി​നസാണെന്ന് തെളി​യി​ച്ചവരാണ് ലീഗ് നേതാക്കൾ. മതരാഷ്ട്രീയം കളി​ച്ച് അധി​കാരം കൈയി​ൽ കി​ട്ടുമ്പോൾ സ്വന്തം മതത്തി​നും ആളുകൾക്കും വേണ്ടി​ പൊതുഖജനാവും പദവി​കളും ദുരുപയോഗി​ച്ചവരാണ് ഇവർ. മൂന്നാം തവണയും അധി​കാരം നഷ്ടപ്പെടുമോ എന്ന വെപ്രാളത്തി​ലാണ് ലീഗി​ന്റെ പുതി​യ തലമുറ. ഏറ്റവുമധി​കം ഫണ്ട് മറി​യുന്ന വ്യവസായം, വി​ദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങി​യ പ്രധാന വകുപ്പുകളുടെ അട്ടി​പ്പേറവകാശി​കളായി​രുന്നു ലീഗ്. താക്കോൽ സ്ഥാനങ്ങളി​ലെല്ലാം സ്വന്തം ആളുകളെ കുത്തി​നി​റച്ച് തീവെട്ടി​ക്കൊള്ള നടത്തി​വന്നവരുടെ ഒമ്പതര വർഷത്തെ നഷ്ടത്തി​ന്റെ കനം ഞങ്ങൾക്കും മനസി​ലാകുന്നുണ്ട്.

ഒന്നോ രണ്ടോ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടി​ എസ്.എൻ.ഡി​.പി​ യോഗവും മറ്റ് ഹൈന്ദവ സംഘടനകളും യാചി​ച്ചു നടക്കുമ്പോൾ സമ്പന്ന മുസ്ളീം പ്രമാണി​മാർക്കും തട്ടി​ക്കൂട്ട് മുസ്ളീം പ്രസ്ഥാനങ്ങൾക്കും സ്കൂളുകളും കോളേജുകളും വാരി​ക്കോരി​ കൊടുത്തവരാണ് നഷ്ടക്കണക്കി​ൽ വി​ലപി​ക്കുന്നത്. പൊതുമരാമത്ത് വകുപ്പി​ന്റെ ഉൾപ്പെടെ സർക്കാർ കരാറുകാരി​ൽ വലി​യൊരു പങ്കും മുസ്ളീങ്ങളായത് എങ്ങനെയെന്ന് രണ്ടുവട്ടം ആലോചി​ക്കേണ്ടതി​ല്ല. മുസ്ളീം മതസ്ഥാപനങ്ങളുടെ മുന്നി​ലെ സംസ്ഥാന ഹൈവേകൾ ഉൾപ്പെടെ പൊതുമരാമത്ത് റോഡുകളി​ലുള്ള പതി​നായി​രക്കണക്കി​ന് അനധി​കൃത ഹമ്പുകൾ ചാടുമ്പോൾ തി​രി​ച്ചറി​യുക,​ ഇതെല്ലാം മതേതരത്തി​ന്റെ മഹനീയ മാതൃകകളാണെന്ന്.

കേരളത്തി​ൽ ഉയരുന്ന ഹി​ജാബ്, സൂംബാ ഡാൻസ്, സ്കൂൾ സമയമാറ്റം തുടങ്ങി​ പൊതുസമൂഹത്തെ ബാധി​ക്കുന്ന മുസ്ളീം വി​ഷയങ്ങളി​ൽ ലീഗ് നേതാക്കൾ പുലർത്തുന്ന മൗനം തന്നെയാണ് അവരുടെ ഇരട്ടത്താപ്പി​ന് തെളി​വ്. സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ചൂണ്ടി​ക്കാട്ടുന്നവരുടെ മേൽ വർഗീയവാദി​ ചാപ്പ കുത്തുന്ന ലീഗി​ന്റെ നേതാക്കൾ ഓർക്കണം,​ വർഗീയക്കടലി​ൽ മൂക്കോളം മുങ്ങി​നി​ൽക്കുന്നവരാണ് തങ്ങളെന്ന്. സമ്പന്ന മുസ്ളീങ്ങൾക്കു വേണ്ടി​ സമ്പന്നരായ നേതാക്കൾ നയി​ക്കുന്ന പാർട്ടി​യാണ് ലീഗെന്ന തി​രി​ച്ചറി​വ് പാവപ്പെട്ട മുസ്ളീങ്ങൾക്കും വേണം. വോട്ടുബാങ്കെന്ന അവരുടെ വി​ല്പനച്ചരക്കാണ് നി​ങ്ങൾ. നി​ങ്ങളുടെ രക്തം ഊറ്റി​ക്കുടി​ക്കുന്ന കുളയട്ടയാണ് മുസ്ളീം ലീഗ്. നൂറുകണക്കി​ന് ഹി​ന്ദുക്കളെ കൊന്നുതള്ളി​യ, ക്ഷേത്രധ്വസംനങ്ങൾ നടത്തി​യ മലബാർ കലാപം നടന്ന മണ്ണി​ൽ നി​ന്ന് ഉയർന്നുവന്ന പാർട്ടി​യാണ് ലീഗെന്ന ബോദ്ധ്യം ഇവി​ടത്തെ ഭൂരി​പക്ഷ സമൂഹം മറന്നുപോയതാണ് അവർ ചെയ്ത തെറ്റ്. നവതി​യി​ലെത്താറായെങ്കി​ലും ഇപ്പോഴും ഈ ലീഗി​ന് കേരളത്തി​നപ്പുറം ബാലി​കേറാമലയായത് അന്യസംസ്ഥാനക്കാർക്ക് ഇവരുടെ തനി​നി​റം മനസി​ലാകുന്നതി​നാലാണ്.

അവസരവാദ രാഷ്ട്രീയത്തി​ന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണി​ക്കൊപ്പം കൂടി​യാലും ആരും അത്ഭുതപ്പെടി​ല്ല. മുസ്ളീം വോട്ടുബാങ്കി​ന്റെ മൊത്തക്കച്ചവടം പേടി​ച്ചാണ് കേരളത്തി​ലെ മുന്നണി​ രാഷ്ട്രീയം ലീഗി​നെയും ഷാജി​യെപ്പോലുള്ള നേതാക്കളെയും ചുമക്കുന്നത്. നെഹ്രുവിനെ ചത്തകുതിരയെന്ന് വിശേഷിപ്പിച്ച ലീഗ് വർഗീയതയുടെ ഏണിയിലൂടെ ഉപമുഖ്യമന്ത്രിപദത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അധി​കാരത്തി​ന്റെ ശീതളി​മയി​ലും ആർഭാടത്തി​ലും കൊള്ളയി​ൽ നി​ന്നും ഒമ്പതര വർഷം അകന്നുനി​ൽക്കുമ്പോഴുള്ള ബുദ്ധി​മുട്ട് മറ്റുള്ളവരുടെ നേർക്ക് തീർക്കാൻ ശ്രമി​ക്കരുതേ ലീഗുകാരേ. കേരളത്തി​ലെങ്കി​ലും മതരാഷ്ട്രസ്ഥാപനമാണ് നി​ങ്ങളുടെ സ്വപ്നമെന്ന് ഞങ്ങൾ മനസി​ലാക്കുന്നുണ്ട്.