ജാതി സർവേ: പങ്കെടുക്കില്ലെന്ന് സുധാ മൂർത്തി

Friday 17 October 2025 12:29 AM IST

ബംഗളൂരു: കർണാടകയിൽ നടക്കുന്ന ജാതി സർവേ എന്നറിയപ്പെടുന്ന സാമൂഹിക,​ വിദ്യാഭ്യാസ സർവേയിൽ​ പങ്കെടുക്കില്ലെന്ന് രാജ്യസഭാ എം.പിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധാ മൂർത്തി. ഭർത്താവും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും വിസമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്.

തങ്ങൾ പിന്നാക്ക ജാതിയിൽപ്പെട്ടവരല്ലെന്നും സർവേയിൽ പങ്കെടുത്തതുകൊണ്ട് സർക്കാരിന് പ്രത്യേക പ്രയോജനം ലഭിക്കില്ലെന്നും സുധാ മൂർത്തി അറിയിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനാണ് സർവേയുടെ ചുമതല. ദിവസങ്ങൾക്ക് മുൻപ് ഉദ്യോഗസ്ഥരെത്തിയപ്പോൾ സുധ സർവേയിൽ പങ്കെടുക്കാൻ ആഗ്രഹമില്ലെന്ന് അറിയിച്ചു. വിവരങ്ങൾ നൽകാൻ വിസമ്മതിച്ചുകൊണ്ടുള്ള സാക്ഷ്യപത്രത്തിൽ അവർ ഒപ്പുവച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

'വ്യക്തിപരമായ കാരണങ്ങളാൽ സർവേയിൽ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നു. ഞങ്ങൾ ഒരു പിന്നാക്ക സമുദായത്തിലും പെട്ടവരല്ല. അതിനാൽ, സർക്കാർ നടത്തുന്ന സർവേയിൽ ഞങ്ങൾ പങ്കെടുക്കില്ല" എന്ന് സുധാ മൂർത്തി എഴുതിനൽകിയതായാണ് റിപ്പോർട്ട്. സർവേയിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. സെപ്തംബർ 25ന് കർണാടക ഹൈക്കോടതി നൽകിയ നിർദ്ദേശപ്രകാരം ഈ സർവേ ഓപ്ഷണലാണ് (നിർബന്ധമില്ലാത്തത്). സർവേ സ്വമേധയാ ഉള്ളതാണെന്നും വിവരങ്ങൾ വെളിപ്പെടുത്താൻ ആരെയും നിർബന്ധിക്കരുതെന്നും അറിയിപ്പ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.