മലയാളി ജഡ്‌ജിയുടെ സ്ഥലംമാറ്റം, കേന്ദ്ര ഇടപെടലും കൊളീജിയം മനംമാറ്റവും വിവാദത്തിൽ
മന്ത്രിക്കെതിരെ നടപടിയെടുത്തതിന് പകപോക്കൽ
ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്കുള്ള മാറ്റത്തെ എതിർത്തു
അലഹബാദിലേക്ക് മാറ്റാമെന്ന് കൊളീജിയം
ചീഫ് ജസ്റ്റിസ് ആകാനുള്ള അവസരം നഷ്ടപ്പെട്ടു
ന്യൂഡൽഹി: മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അതുൽ ശ്രീധരന്റെ സ്ഥലംമാറ്റ ശുപാർശയിൽ കേന്ദ്ര ഇടപെടലും സുപ്രീംകോടതി കൊളീജിയത്തിന്റെ പുനഃപരിശോധനയും വിവാദത്തിൽ. സീനിയർ ജഡ്ജായ അതുലിനെ ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാർശ കേന്ദ്രം തടയുകയായിരുന്നു. ഇതോടെ ചീഫ് ജസ്റ്റിസ് ആകാനുള്ള അവസരം നഷ്ടപ്പെട്ടെന്നാണ് ആക്ഷേപം.
നിലവിൽ മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ സീനിയോറിറ്റിയിൽ രണ്ടാമനാണ് അതുൽ. ഛത്തീസ്ഗഢിൽ സ്ഥാനമേറ്റിരുന്നെങ്കിൽ സീനിയോറിറ്റിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ അടുത്തയാളാവുമായിരുന്നു. 2028 മേയ് വരെ സർവീസുള്ളതിനാൽ ചീഫ് ജസ്റ്റിസുമാകുമായിരുന്നു. അതുലിനെ അലഹബാദിൽ നിയമിക്കാനാണ് കൊളീജിയത്തിന്റെ പുതിയ ശപുപാർശ. എന്നാൽ, അലഹബാദ് ഹൈക്കോടതിയിൽ എത്തുമ്പോൾ സീനിയോറിറ്രിയിൽ ഏഴാമനാകും.
മദ്ധ്യപ്രദേശിലെ ബി.ജെ.പി മന്ത്രിക്കെതിരെ നടപടിക്ക് ഉത്തരവിട്ടതിലെ രാഷ്ട്രീയ പകപോക്കലെന്നാണ് പ്രധാന ആരോപണം. ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ രാജ്യത്തെ അന്നന്ന് അറിയിച്ച കേണൽ സോഫിയ ഖുറേഷി ഭീകരരുടെ സഹോദരിയാണെന്ന് മദ്ധ്യപ്രദേശ് ആദിവാസി ക്ഷേമമന്ത്രി വിജയ് ഷാ വിവാദപരാമർശം നടത്തിയിരുന്നു. മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനായിരുന്നു അതുൽ ശ്രീധരന്റെ ഉത്തരവ്. വിഷയത്തിൽ ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, അനുരാധ ശുക്ല എന്നിവരടങ്ങിയ ബെഞ്ച് ജോലി കൃത്യമായി ചെയ്‌തെന്ന് സുപ്രീംകോടതി അഭിനന്ദിച്ചതുമാണ്.
ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ കഴിഞ്ഞ ആഗസ്റ്റിലാണ് കൊളീജിയം ശുപാർശ ചെയ്‌തത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. തുടർന്ന് അലഹബാദിലേക്ക് മാറ്റാൻ ശുപാർശ ചെയ്ത് തീരുമാനം സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡും ചെയ്‌തു.
കരടാകാൻ ഇതും കാരണം
1 അതുൽ ശ്രീധരൻ ജമ്മുകാശ്‌മീർ ഹൈക്കോടതി ജഡ്‌ജിയായിരിക്കെ, കരുതൽ തടങ്കലിലായിരുന്ന നിരവധി പേരുടെ കേസുകൾ റദ്ദാക്കിയിരുന്നു
2 മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട കേസ് ഏറെയുള്ള ഛത്തീസ്ഗഢിലേക്ക് അദ്ദേഹമെത്തുന്നത് തിരിച്ചടിയാകുമെന്നും കേന്ദ്രം കണക്കുകൂട്ടി
കണ്ണൂരുകാരൻ
കണ്ണൂർ സ്വദേശിയാണ് ജസ്റ്റിസ് അതുൽ ശ്രീധരൻ. 1992ൽ ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തിന് കീഴിലാണ് പ്രാക്‌ടീസ് ആരംഭിച്ചത്. 2001ൽ ഇൻഡോറിലേക്ക് പ്രാക്‌ടീസ് മാറ്റി. 2016 ഏപ്രിലിൽ മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായി.