വിമാന ദുരന്തം, ജുഡിഷ്യൽ അന്വേഷണം വേണം: പൈലറ്റിന്റെ പിതാവ്

Friday 17 October 2025 1:31 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ സ്വതന്ത്ര ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റിന്റെ പിതാവ് സുപ്രീംകോടതിയിൽ. റിട്ട. സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ വ്യോമയാന രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയ ജുഡിഷ്യൽ സമിതി അന്വേഷിക്കണമെന്നാണ് ക്യാപ്റ്റൻ സുമീത് അഗർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാളിന്റെ (91) ആവശ്യം. ഫെഡറേഷൻ ഒഫ് ഇന്ത്യൻ പൈലറ്ര്‌സും ഹർജിയിൽ അദ്ദേഹത്തോടൊപ്പം കക്ഷിയാണ്. അപകടത്തിൽ ക്യാപ്റ്റൻ സുമീത് അഗർവാൾ മരിച്ചിരുന്നു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊയുടെ (എ.എ.ഐ.ബി)​ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ കോക്പിറ്റിൽ നടന്ന പ്രവൃത്തികളെ കുറിച്ചാണ് പറയുന്നത്. സുമീത് മനപ്പൂർവം അപകടം വരുത്തിവച്ചുവെന്ന നിലയിലാണ് ആ റിപ്പോർട്ടെന്നും,പൈലറ്റിന്റെ പേരിന് കളങ്കമുണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ജൂലായ് 12നായിരുന്നു അഹമ്മദാബാദിലെ വിമാന ദുരന്തം.