വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

Friday 17 October 2025 2:12 AM IST

ആലപ്പുഴ: മാവേലിക്കര സ്വദേശിനിയിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 22.97 ലക്ഷം ഓൺലൈൻ വഴി തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. പത്തനംതിട്ട അടൂർ സ്വദേശിനി അനിത മുരളീധരനെയാണ് (44) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ജർമ്മനിയിൽ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിൽ ജോലി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് മാവേലിക്കര സ്വദേശിനിയായ ഹരിത കർമ്മസേന പ്രവർത്തകയിൽ നിന്ന് പണം തട്ടിയത്. ആറുലക്ഷത്തോളം രൂപ അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ പ്രതി.

ജനുവരിയിൽ പ്രതി പരാതിക്കാരിയെ സാമൂഹ്യ മാദ്ധ്യമം വഴി ബന്ധപ്പെടുകയും ജർമ്മനിയിൽ ജോലി തരപ്പെടുത്തുന്നതിനായി പണം അയച്ചു കൊടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഫെബ്രുവരി രണ്ടുമുതൽ ഓഗസ്റ്റ് 11 വരെയുള്ള തീയതികളിലായാണ് പണം തട്ടിയെടുത്തത്. ജോലി ലഭിക്കാതായതോടെ നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോദ്ധ്യപ്പെട്ടത്. സുഹൃത്തായ സ്കോട്‌ലൻഡ് സ്വദേശി ഫ്രെഡ് ക്രിസ് എന്നയാളുടെ നിർദ്ദേശപ്രകാരമാണ് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയച്ച് വാങ്ങിയതെന്നും ഇയാൾ ഡൽഹിയിൽ വന്നപ്പോൾ ഉപയോഗിക്കുന്നതിനായി ബാങ്ക് പാസ് ബുക്ക്, എ.ടി.എം കാർഡ് എന്നിവ അയച്ചു നൽകിയതായും അനിത മൊഴി നൽകി. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ആലപ്പുഴ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി എം.എസ്. സന്തോഷിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് എസ്.എച്ച്.ഒ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ എസ്.ആർ. ഗിരീഷ്, കെ.യു. ആരതി, ഒ.കെ. വിദ്യ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.