മഹിളാമോർച്ച മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗം
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷവും ജലപീരങ്കി പ്രയോഗവും.സംഘർഷത്തിനിടെ മഹിളാമോർച്ച പ്രവർത്തക കുഴഞ്ഞുവീണു.
പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ നിന്ന് തുടങ്ങിയ മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയതോടെ നോർത്ത് ഗേറ്റിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് വാഹനത്തിന് മുകളിലേക്ക് കയറാൻ ശ്രമിച്ചതോടെ, പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെയാണ് വനിതാ പൊലീസുമായി ഉന്തുംതള്ളുമുണ്ടായത്. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് കൈകൊട്ടി പ്രതിഷേധിച്ചു. രണ്ട് മണിക്കൂറോളമാണ് പ്രതിഷേധം നീണ്ടത്.വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.
ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധഃപതിച്ചു: രാജീവ് ചന്ദ്രശേഖർ
ഹൈന്ദവ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് രൂപീകരിച്ച ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധഃപതിച്ചതായും, ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ്,ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്,അഡ്വ.എസ്.സുരേഷ്,അനൂപ് ആന്റണി,വൈസ് പ്രസിഡന്റും മുൻ ഡി.ജി.പിയുമായ ആർ.ശ്രീലേഖ.സംസ്ഥാന സെക്രട്ടറിമാരായ എൻ.പി.അഞ്ജന,രേണുസുരേഷ്,വക്താവ് ടി.പി.സിന്ധുമോൾ,മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീജ സി.നായർ,അഡ്വ.സിനി മനോജ്,ആർ.സി.ബീന എന്നിവർ നേതൃത്വം നൽകി.