ആലപ്പുഴ മുന്നിൽ
ആലപ്പുഴ: ജില്ലാ കായിക മേളയിൽ രണ്ടാംദിനത്തിലും കുതിപ്പ് തുടർന്ന് ആലപ്പുഴ സബ് ജില്ല. 40 ഇനങ്ങൾ പൂർത്തിയായപ്പോൾ 19 സ്വർണവും 16 വെള്ളിയും 9 വെങ്കലവും ഉൾപ്പടെ 152 പോയിന്റോടെയാണ് ആലപ്പുഴയുടെ തേരോട്ടം. 147 പോയിന്റോടെ ചേർത്തലയാണ് രണ്ടാം സ്ഥാനത്ത്. 19 സ്വർണവും 14 വെള്ളിയും 10 വെങ്കലവുമാണ് ചേർത്തല നേടിയത്. 27പോയിന്റുമായി മാവേലിക്കര (ഒരു സ്വർണം, നാല് വെള്ളി, 10 വെങ്കലം) മൂന്നാമതും 20 പോയിന്റുമായി തുറവൂർ (ഒരു സ്വർണം, മൂന്ന് വെള്ളി, ആറ് വെങ്കലം) നാലമതും 12 പോയിന്റുമായി ഹരിപ്പാട് (ഒരു സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം) അഞ്ചാമതുമാണ്.
കലവൂരും എസ്.ഡി.വിയും
പൊരിഞ്ഞ പോരാട്ടത്തിൽ
കായിക മേളയിൽ സ്കൂളുകളിൽ 57 പോയിന്റുമായി ആലപ്പുഴ എസ്.ഡി.വി ബി.എച്ച്.എസ്.എസും കലവൂർ ഗവ.എച്ച്.എസ്.എസും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. എഴ് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് എസ്.ഡി.വി ബി.എച്ച്.എസ്.എസ് നേടിയത്. എട്ട് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമാണ് കലവൂർ ഗവ.എച്ച്.എസ്.എസിന്റെ നേട്ടം. 34 പോയിന്റുമായി ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് (അഞ്ച് സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം) മൂന്നാമതും 33 പോയിന്റുമായി (അഞ്ച് സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം) ചാരമംഗലം ഡി.വി.എച്ച്.എസ്.എസ് നാലാമതും 26 പോയിന്റുമായി ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ് (മൂന്ന് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം) അഞ്ചാമതുമാണ്.