മഴയോട് മത്സരിച്ച് കായികപ്രതിഭകൾ

Friday 17 October 2025 2:11 AM IST

ആലപ്പുഴ : ജില്ലാ കായികമേളയുടെ രണ്ടാംദിനം മഴയിൽ മുങ്ങിയതോടെ ചെളിക്കുണ്ടായി മാറിയ ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. ഇതോടെ, കായികതാരങ്ങളിൽ പലരും തെന്നിവീണു. പരിക്കുകളോടെയാണ് വിദ്യാർത്ഥികൾ മത്സരം പൂർത്തിയാക്കിയത്. മത്സരങ്ങളുടെ ക്രമം തെറ്റിയതും മേളയുടെ മാറ്റുകുറച്ചു.

ജൂനിയർ വിഭാഗം ജാവലിൻ ത്രോയോടെയാണ് മുഹമ്മ മദർ തെരേസ സ്കൂൾ ഗ്രൗണ്ടിൽ ഇന്നലെ മത്സരം ആരംഭിച്ചത്. അപ്പോഴേക്കും മഴയും എത്തി. നടത്തം, ജാവലിൻ, ഷോട്ട് പുട്ട് എന്നീ ഇനങ്ങളാണ് നടന്നത്.

ജാവലിൻ ത്രോയ്ക്കായി ഓടിവന്ന് പുറകോട്ട് ആയുന്നതിനിടെ മത്സരാർത്ഥികൾ പലരും തെന്നിവീണു. ലോംഗ് ജമ്പിനിടെയും കുട്ടികൾ വീണു. ട്രാക്കിൽ വെള്ളം കെട്ടിക്കിടന്നതിനാൽ 1500 മീറ്റർ മത്സരത്തിലും നല്ല പ്രകടനം പുറത്തെടുക്കാൻ കായികതാരങ്ങൾക്കായില്ല. എട്ടു ട്രാക്ക് വേണ്ടിടത്ത് ആറെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു. ട്രാക്ക് മാർക്ക് ചെയ്തിരുന്ന കുമ്മായം മഴയിൽ അലിഞ്ഞുപോയി.

മഴ ചതിച്ചതോടെ കായികമേളയുടെ രണ്ടാംദിനവും മത്സരങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നു. ചേർത്തല എസ്.എൻ കോളേജിൽ നടത്താൻ നിശ്ചയിച്ചിരുന്ന സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹൈജമ്പ് മത്സരങ്ങളാണ് മാറ്റിയത്. ചാട്ടത്തിന് ഉപയോഗിക്കുന്ന ബെഡ് നനയുമെന്നതിനാലാണ് മത്സരം നടത്താതിരുന്നത്. രാവിലെ മുതൽ തന്നെ മത്സരാർത്ഥികൾ മൈതാനത്ത് എത്തിയിരുന്നു. എന്നാൽ, ഉച്ചയോടെയാണ് മത്സരം മാറ്റിവച്ച അറിയിപ്പ് ലഭിച്ചത്. ഇവർ അടുത്തദിവസം വീണ്ടും മത്സരത്തിനെത്തേണ്ടിവരും. വിവിധ മത്സരങ്ങൾ ഒന്നിച്ചുവരുന്നതോടെ ഒന്നിലധികം ഇനങ്ങളിൽ മത്സരിക്കുന്നവർ‌ക്ക് അവസരം നഷ്ടമാകും.