ഒരാഴ്ചയ്ക്കിടെ മരിച്ചത് ആറ് അന്യസംസ്ഥാന തൊഴിലാളികൾ സുരക്ഷയില്ലാ നരകജീവിതം
പുതിയങ്ങാടിയിൽ പൊള്ളലേറ്റ നാലാമത്തെ അന്യസംസ്ഥാന തൊഴിലാളിയും മരിച്ചു.
കണ്ണൂർ: ജില്ലയിൽ വിവധയിടങ്ങളിലായി തൊഴിലിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവൻ അപകടത്തിൽപെടുന്നത് പതിവാകുന്നു. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ നരകതുല്യമായ ജീവിതമാണ് ഇവർ നയിക്കുന്നത്. രണ്ടോ മൂന്നോ പേർക്കോ കഴിയാൻ പറ്റുന്ന മുറികളിൽ പത്തും പതിനഞ്ചും പേർ തിങ്ങിക്കഴിയുന്ന ഇവിടങ്ങളിൽ ഏതുസമയത്തും അപകടപ്പെടുന്നതാണ് ഇവരുടെ ജീവിതം.
ഉടമകൾ ഇവരുടെ ഓരോരുത്തരുടെ കൈയിൽ നിന്നും സാമാന്യം നല്ല വാടകയാണ് ഈടാക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടിൽ പലതരം അസുഖങ്ങളും ഇവർക്കിടയിൽ പടരുന്നുണ്ട്. തൊഴിലിടങ്ങളിലും ഇവരുടെ ജീവന് വലിയ വില കല്പിക്കപ്പെടുന്നില്ലെന്നതാണ് സത്യം. അമിതമായി ജോലി ചെയ്യുന്നതിനിടയിൽ ജീവൻ പൊലിയുന്നവരെ കുറിച്ച് പിന്നീട് കാര്യമായ അന്വേഷണം പോലും നടക്കാറില്ല. കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ ജില്ലയിൽ മാത്രം ആറ് ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. നാല് പേർ പൊള്ളലേറ്റും രണ്ട് പേർ ഇടിമിന്നലിലും കൊല്ലപ്പെട്ടു.
പൊള്ളലേറ്റ നാലാമനും മരിച്ചു
പഴയങ്ങാടിയിൽ പാചകവാതകം ചോർന്നുണ്ടായ തീ പിടിത്തത്തിൽ പൊള്ളലേറ്റ നാലാമനും ഇന്നലെ മരിച്ചു. മത്സ്യത്തൊഴിലാളിയായ ഒഡീഷ ബിഷന്തപൂർ സ്വദേശി ജിതേന്ദ്ര ബഹ്റ (30) പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. കഴിഞ്ഞ പത്തിന് രാവിലെ ആറിനായിരുന്നു അപകടം. ഹാർബറിന് സമീപത്തെ ക്വാർട്ടേഴ്സിൽ പ്രഭാത ഭക്ഷണം പാകം ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ ഗ്യാസ് അടുപ്പിൽ തീ പടർന്നാണ് നാല് ഒഡിഷ സ്വദേശികൾക്ക് പൊള്ളലേറ്റത്. സുഭാഷ് ബെഹ്റ, നിഘം ബെഹ്റ,ഷിബ ബെഹ്റ എന്നിവർ കഴിഞ്ഞ രണ്ടുദിവസങ്ങൾക്കിടയിലാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പയ്യാമ്പത്ത് തന്നെ സംസ്കരിച്ചു.
തദ്ദേശസ്ഥാപനങ്ങൾക്കും അവരെ വേണ്ട
നാല് ഒഡിഷ സ്വദേശികൾ പൊള്ളലേറ്റ് മരിച്ച പുതിയങ്ങാടിയിൽ മാത്രം 3000 അന്യസംസ്ഥാന മത്സ്യതൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരെല്ലാം ഹാർബറിനോട് ചേർന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇതിൽ പല കെട്ടിടങ്ങളിലും ശൗചാലയം പോലുമില്ല. ഒറ്റമുറിയിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ പേർ താമസിക്കുന്നതും പാചകം ചെയ്യുന്നതും അപകടത്തെ വിളിച്ചുവരുത്തുകയാണ്. ഇവരുടെ സുരക്ഷയ്ക്കോ ശുചിത്വത്തിനോ തദ്ദേശ ഭരണാധികാരികൾ യാതൊരു ശ്രദ്ധയും പുലർത്തുന്നില്ല. . ഏഴ് വർഷം മുമ്പ് പ്രദേശത്തെ ഇത്തരം ചില കെട്ടിടങ്ങൾ പഞ്ചായത്ത് ഇടപെട്ട് അടപ്പിച്ചിരുന്നെങ്കിലും രാഷ്ട്രീയ പിൻബലത്തോടെ വീണ്ടും തുറന്നുപ്രവർത്തിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
മിന്നലേറ്റ് മരിച്ചത് രണ്ടുപേർ
കഴിഞ്ഞ 14നാണ് ശ്രീകണ്ഠാപുരത്ത് ചെങ്കൽപണയിൽ ജോലി ചെയ്യുന്ന അസം സ്വദേശി ജാക് നർസാരി (35), ഒഡീഷ സ്വദേശി രാജേഷ് മഹന്ദിയ (25)എന്നിവർ മിന്നലേറ്റ് മരിച്ചത്.
അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരാതി ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുന്നുണ്ട്. അതാത് തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും വിഷയത്തിൽ കൂടുതൽ ഇടപെടാൻ കഴിയുക - ജയേഷ് (ജില്ല ലേബർ ഓഫീസർ എൻഫോഴിസ്മെന്റ്)