വരുന്നത് ഹിന്ദു കമ്മ്യൂണിസത്തിന്റെ കാലമോ ?​

Friday 17 October 2025 3:22 AM IST

യഥാർത്ഥ ഹിന്ദുത്വ പാർട്ടിയായി ഇതുവരെ കണ്ടിരുന്നത് ബി.ജെ.പിയെയാണ്. ഹിന്ദു വർഗീയതയ്ക്ക് ചൂട്ടുപിടിക്കുന്ന പാർട്ടിയെന്നാണ് എതിരാളികളായ സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയെ ആക്ഷേപിക്കുന്നത്. ഇന്നിപ്പോൾ ആ നില മാറി വരികയാണ്. സി.പി.എം തീവ്ര ഹിന്ദുത്വത്തിലേക്കും കോൺഗ്രസ് മൃദു ഹിന്ദുത്വത്തിലേക്കും വഴി മാറിയോയെന്ന സംശയത്തിനും കാരണങ്ങൾ പലതാണ്. ക്ഷേത്രങ്ങളിൽ മതപ്രഭാഷണം നടത്തുന്നവർ ഭഗവദ്ഗീതയും ഉപനിഷത്തും പുരാണ കഥകളുമൊക്കെ ഉദ്ധരിച്ചു സംസാരിക്കാറുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ഇക്കൂട്ടത്തിൽ ബി.ജെ.പിയെ പരോക്ഷമായി അനുകൂലിച്ചു സംസാരിക്കാറുമുണ്ട്. പക്ഷേ, കേരളത്തിൽ ബി.ജെ.പിക്ക് ഈ തന്ത്രം ഉപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്നതാണ് സത്യം. ഇത് ശരിക്കും മനസിലാക്കിയ പാർട്ടി സി.പി.എമ്മാണ്. അതുകണ്ട് കോൺഗ്രസും ആ വഴിക്ക് നീങ്ങുന്നുണ്ട്. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി തിടുക്കത്തിൽ നടപ്പാക്കിയ പിണറായി സർക്കാരും സി.പി.എമ്മും ഭക്തശിരോമണികളായ ബിന്ദു അമ്മിണിയേയും കനകദുർഗയേയും ഒളിച്ച് സന്നിധാനത്ത് കടത്തി. അന്നേവരെ, ശബരിമല വ്രതാനുഷ്ഠാനം എന്തെന്നു പോലും അറിയാത്ത ആക്ടിവിസ്റ്റുകളായ അവരാണ് യാഥാർത്ഥ ഭക്തരെന്ന് സി.പി.എമ്മും സർക്കാരും കാണിച്ചുതന്നു. ജനങ്ങൾ അങ്ങനെ കാണാത്തതിനാൽ പിന്നീട് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കനത്തശിക്ഷ കിട്ടി. ഹിന്ദുത്വ പാർട്ടിയായ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനുമായില്ല. മൃദുഹിന്ദുത്വം പറഞ്ഞ കോൺഗ്രസ് സീറ്റുകൾ തൂത്തുവാരി.

പുതിയ കാലത്തെ

ആത്മീയ പ്രഭാഷണം

അന്നത്തെ ആ പൊള്ളൽ നീറിനീറി സി.പി.എമ്മിനെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നപ്പോൾ പ്രായശ്ചിത്തമായി അയ്യപ്പസംഗമവും നടത്തി. പമ്പയിൽ ഭഗവാൻ അയ്യപ്പന്റെ ചിത്രത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളക്കു കൊളുത്തിയപ്പോൾ, തെറ്റു ചെയ്തവനെ അയ്യപ്പൻ തന്റെ മുന്നിലെത്തിച്ചുവെന്ന് സംഘപരിവാർ പരിഹാസമുയർത്തി. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കൈയിൽ നിന്ന് അയ്യപ്പ വിഗ്രഹം ഏറ്റുവാങ്ങേണ്ടി വന്നതും അയ്യപ്പൻ തന്നെ കൊടുത്ത ശിക്ഷയാണതെന്ന് പരിവാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. അവരങ്ങനെ ആക്ഷേപങ്ങൾ ചൊരിഞ്ഞ് തൃപ്തിയടഞ്ഞു.

ഹിന്ദുമത പ്രഭാഷകർ ക്ഷേത്രങ്ങളിൽ നടത്താറുള്ള പ്രഭാഷണം പോലെ ഉപനിഷത്തിനെയും ഭഗവദ് ഗീതയെയും അയ്യപ്പചരിതത്തെയും എടുത്തുകാട്ടി മുഖ്യമന്ത്രി നടത്തിയ ആത്മീയ പ്രഭാഷണം സി.പി.എമ്മിനെയും അണികളെയും ഹിന്ദുത്വത്തിലേക്ക് നയിക്കുന്നതാണെന്ന് ചിലരൊക്കെ പറഞ്ഞപ്പോൾ അംഗീകരിക്കാൻ പലരും തയ്യാറായില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും ക്ഷേത്രങ്ങൾ നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്നൊക്കെ പറഞ്ഞു നടന്ന പണ്ടത്തെ കമ്മ്യൂണിസ്റ്റുകൾ, പുതിയ ഹിന്ദു കമ്മ്യൂണിസം കാണുമ്പോൾ അസ്വസ്ഥരാകും. അതിൽ കാര്യമില്ല, കാലത്തിന്റെ അനിവര്യതയാണ് അവർ പറയുന്നത്.

അയ്യപ്പ സംഗമത്തിലെ ആത്മീയ പ്രഭാഷണം കേട്ട് പാർട്ടി മനസുകൾ വിമലീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ വിശദീകരണക്കുറിപ്പായി പുറത്തുവന്നത്. ആറന്മുള വള്ളസദ്യ ദിവസം മന്ത്രിയും പാർട്ടി നേതാക്കളും സദ്യയുണ്ടത് ആചാരലംഘനമാണ് എന്ന വിമർശനത്തെ, ആറന്മുള ഭഗവാനെ കൂട്ടുപിടിച്ചാണ് സി.പി.എം പ്രതിരോധിച്ചത്. ഭഗവാന് നിവേദ്യം നടത്തുന്നതിന് മുമ്പേ മന്ത്രിയും സംഘവും സദ്യയുണ്ടതാണ് ആചാര സംരക്ഷകർ വിവാദമാക്കിയത്. മന്ത്രി ആചാരം ലംഘിച്ചുവെന്ന് ആരോപണം നിഷേധിച്ചുകൊണ്ട് സി.പി.എം ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്കിന്റെ അവസാന വാചകം ഇങ്ങനെയാണ്: 'ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ല". അപ്പോൾ ആരാണ് യാഥാർത്ഥ ആചാര, വിശ്വാസ സംരക്ഷകർ? ബി.ജെ.പിക്കാരല്ല, സി.പി.എമ്മുകാർ തന്നെ! ഫേസ്ബുക്കിലെ വാചകം കടുത്തുപോയി എന്ന് പാർട്ടിയിൽ വിമർശനമുയർന്നപ്പോൾ ആചാരം ലംഘനം നടത്തിയെന്ന് കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാൽ അവർ പൊറുക്കില്ല എന്നു വാചകം മയപ്പെടുത്തിയിട്ടുണ്ട്.

ദൈവങ്ങളെ

ഏറ്റെടുക്കണം

അയ്യപ്പസംഗമത്തിൽ തുടങ്ങിവച്ച ഹിന്ദുത്വ ലൈൻ ആദ്യം നടപ്പാക്കേണ്ടത് പത്തനംതിട്ടയിൽത്തന്നെ ആയതുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് മറ്റു ജില്ലകളിലേക്കും ഇതു വ്യാപിപ്പിച്ചേക്കും. ബി.ജെ.പിയെക്കാൾ ഹിന്ദുത്വം പറഞ്ഞുതുടങ്ങിയ സി.പി.എമ്മിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന പേര് മാത്രമേ ഇനി പ്രശ്നമായിട്ടുള്ളൂ.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരന്റെ ആഹ്വാനപ്രകാരമാണ് ഹിന്ദു സംഘടനകൾ രാമായണ മാസാചരണം ക്ഷേത്രങ്ങളിലും വീടുകളിലും നടത്തുന്നത്. അത് സി.പി.എം ഏറ്റെടുക്കണം. ഭഗവാൻ ശ്രീരാമന്റെ ചിത്രം കാറൽ മാർക്സിനും ഏംഗൽസിനും ഒപ്പം വയ്ക്കാം. സ്വാമി വിവേകാനന്ദനെ കമ്മ്യൂണിസ്റ്റാക്കാൻ ശ്രമിച്ചപോലെ. ദീർഘ വീക്ഷണമുള്ള സി.പി.എം നേതാവ് പി. ജയരാജൻ നേരത്തേ ഹിന്ദുത്വ ലൈൻ സ്വീകരിച്ചതാണ്. പക്ഷെ, പാർട്ടി വിലക്കിയതുകൊണ്ട് അദ്ദേഹം തുടങ്ങിവച്ച ശ്രീകൃഷ്ണജയന്തി ആഘോഷം ഇപ്പോഴില്ല. അത് ഇനി പുനരാരംഭിച്ചാലും തെറ്റില്ല.