ഗുരുവായൂരിൽ ഒക്ടോബർ മാസത്തിൽ ലഭിച്ചത് 5.92 കോടി രൂപ, രണ്ടു കിലോ സ്വർണവും 9 കിലോ വെള്ളിയും
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2025 ഒക്ടോബർ മാസത്തിൽ ഭണ്ഡാര വരവായി ലഭിച്ചത് 5,92,22035 രൂപ. ഇത് കൂടാതെ രണ്ട് കിലോ 580 ഗ്രാം സ്വർണവും 9 കിലോ വെള്ളിയും ലഭിച്ചു. ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ച് കണക്കുകളാണിത്. കേന്ദ്രസർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ അഞ്ചും നിരോധിക്കപ്പെട്ട ആയിരം രൂപയുടെ അഞ്ചും 500ന്റെ 21 നോട്ടുകളും ലഭിച്ചു. പി.എൻ.ബി ഗുരുവായൂർ ഭണ്ഡാരം ശാഖയ്ക്കായിരുന്നു എണ്ണൽച്ചുമതല.
കിഴക്കേനട എസ്.ബി.ഐ ഭണ്ഡാരം വഴി 3,02,313 രൂപയും കിഴക്കേനട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 11620 രൂപയും പടിഞ്ഞാറെ നടയിലെ യു.ബി.ഐ ഇ ഭണ്ഡാരം വഴി 96,594 രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 24216 രൂപയും ഐ.സി.ഐ.സി.ഐ ഇ ഭണ്ഡാരം വഴി 50,666 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1.50,464 രൂപയും ലഭിച്ചു.
അതേസമയം ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വം ഭരണസമിതി തുലാം ഒന്നുമുതൽ ദർശനസമയം കൂട്ടി. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച മുതൽ പുലർച്ചെ മൂന്നിന് തുറക്കുന്ന ക്ഷേത്ര നട ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാത്രമേ അടയ്ക്കൂ. ഉച്ചയ്ക്ക് ഒരു മണിക്കൂർ മാത്രം അടച്ചിട്ട ശേഷം വീണ്ടും വൈകിട്ട് നാലിന് നട തുറക്കും. ശേഷം രാത്രി ഒമ്പത് മണിവരെ ദർശനം തുടരും.