സിനിമ- സെൻസർ ശീതസമരം തുടരുമ്പോൾ
ഹൈക്കോടതിയിലെത്തുന്ന ഹർജികളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. റിട്ട് ഹർജികളാണ് കൂടുതൽ. ഇതിൽ സിവിലും ക്രിമിനലുമുണ്ട്. സിവിൽ അപ്പീലുകൾ, ക്രിമിനൽ അപ്പീലുകൾ, ജാമ്യഹർജികൾ, സർവീസ് വിഷയങ്ങൾ, കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട അഡ്മിറാൽറ്റി സ്യൂട്ടുകൾ എന്നിങ്ങനെ ഹർജികൾക്ക് നാമകരണവും ചുരുക്കെഴുത്തുമുണ്ട്. 'സിനിമകളുടെ സെൻസറിംഗുമായി ബന്ധപ്പെട്ട ഹർജികൾക്കും പ്രത്യേകമായി നാമകരണം വേണ്ടി വരുമല്ലോ" എന്നാണ് ഈയിടെ ഒരു ബെഞ്ച് തമാശ രൂപേണ പറഞ്ഞത്. സിനിമാ കേസുകളുടെ ബാഹുല്യത്തെയാണ് ജഡ്ജി പരാമർശിച്ചത്.
സിനിമയുടെ സെൻസർ കട്ടുമായി ബന്ധപ്പെട്ട് ഒട്ടേറെ തർക്കങ്ങളാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. ഇതിൽ കോടതിയിലെത്തിയതും എത്താത്തതുമുണ്ട്. കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ അനുമതിക്ക് ശേഷമേ ഇന്ത്യയിൽ സിനിമകൾ റിലീസ് ചെയ്യാനാകൂ. പ്രാഥമിക സ്‌ക്രീനിംഗിൽ ബോർഡ് എന്തെങ്കിലും മാറ്റങ്ങൾ നിർദ്ദേശിക്കുകയും, നിർമ്മാതാക്കൾ അതിന് വഴങ്ങാതിരിക്കുകയും ചെയ്താൽ സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടും. റിവൈസിംഗ് കമ്മിറ്റിയും മാറ്റങ്ങൾ ശരിവച്ചാൽ പിന്നെ സർക്കാർ തലത്തിൽ അപ്പീലില്ല. ഹൈക്കോടതിയാണ് ശരണം. റിലീസിംഗ് ഓരോ ദിവസവും വൈകുമ്പോൾ നിർമ്മാതാവിന്റെ നഷ്ടവും (കടങ്ങളും) പെരുകും. സെൻസർ തർക്കത്തിൽ ഒരു മാസത്തിലധികമായി പെട്ടിയിലിരിക്കുന്ന 'ഹാൽ" സിനിമയുടെ അവസ്ഥയും സമാനമാണ്. ഈ പ്രശ്‌നമാണ് ഇപ്പോൾ ഹൈക്കോടതിയുടെ സജീവ പരിഗണനയിലുള്ളത്.
എമ്പുരാന് പിന്നാലെ
മോഹൻലാൽ- പൃഥിരാജ് ചിത്രം എമ്പുരാൻ തിയേറ്ററിൽ എത്തിയതിന് പിന്നാലെയാണ് വൻ വിവാദമായത്. ഗുജറാത്ത് കലാപത്തെ അനുസമരിപ്പിക്കുന്ന രംഗങ്ങൾ പേരുകൾ... പാക്കിസ്ഥാൻ അനുകൂല ചിത്രമാണെന്നുവരെ ആരോപണമുയർന്നു. സെൻസർ ബോർഡിനെതിരേ കേന്ദ്രസർക്കാർ അനുകൂല സംഘടനകളും കലാപക്കൊടിയുയർത്തി. പടം വിലക്കുമെന്ന് നിർമ്മാക്കളും ഭയന്നു. സ്വയം കത്രിക വയ്ക്കാൻ തയാറായി. 24 ഇടത്ത് വെട്ടി സിനിമയുടെ രണ്ടാം പതിപ്പിറക്കി. പ്രധാന കഥാപാത്രങ്ങളിൽ ഒരാളുടെ പേരായ ബജ്‌രംഗി, ബൽരാജെന്ന് മാറ്റി. തിരക്കഥാകൃത്തിന്റെ സമ്മതം വാങ്ങാതെയാണ് സിനിമ വെട്ടിമുറിച്ചതെന്ന ആരോപണവും വേറെ. സ്ത്രീകൾക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളും ചവറ്റുകൊട്ടയിലായി. ചിത്രത്തിൽ നിന്നും പത്ത് സെക്കൻഡ് മാത്രമാണ് ആദ്യപതിപ്പിൽ സെൻസർ ബോർഡ് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നത്.
തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി സാക്ഷാൽ സുരേഷ് ഗോപിയുടെ 'ജാനകി V/s സ്റ്റേറ്റ് ഒഫ് കേരള"യും സെൻസർ ബോർഡ് തടഞ്ഞിട്ടു. ലൈംഗികാതിക്രമത്തിന്റെ ഇരയായ നായികയ്ക്ക് ഹിന്ദു ദേവതയായ 'ജാനകി"യുടെ പേരിട്ടെന്നതായിരുന്നു പ്രധാനപ്രശ്നം. ഈ പേര് ഉച്ചരിക്കുന്നിടമൊക്കെ മ്യൂട്ട് ചെയ്യണമെന്ന് റിവൈസിംഗ് കമ്മിറ്റിയും നിർദ്ദേശിച്ചു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് വൈകി. വിഷയം ഹൈക്കോടതിയിൽ എത്തിയതോടെ ദേശീയശ്രദ്ധ നേടി. ജഡ്ജിക്കുവേണ്ടി പ്രത്യേക പ്രദർശനവും നടത്തി. മറുവശത്ത് നിർമ്മാതാവിനുള്ള നഷ്ടം പെരുകുകയായിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകാതെ അണിയറക്കാർ പ്രശ്നം ഒത്തുതീർപ്പാക്കി. നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി സിനിമ പുറത്തിറക്കി. 'ജാനകി" എന്ന പേര് ടൈറ്റിലിൽ 'ജാനകി വി." ആക്കി. സംഭാഷണങ്ങളിൽ ഈ പേര് വരുന്ന ഭാഗം നിശബ്ദമാക്കി. വ്യവഹാരങ്ങൾക്കിടെ പുറത്തുവന്ന വിവരങ്ങൾ സിനിമയ്ക്ക് സ്പോയ്‌ലറായി. പ്രതീക്ഷിച്ച വിജയം ലഭിച്ചതുമില്ല.
ഒരിടവേളയ്ക്ക് ശേഷമാണ് സമാനമായ വിവാദം വീണ്ടുമുയർന്നത്, ഷെയ്ൻ നിഗം നായകനായ 'ഹാൽ" സിനിമയെച്ചൊല്ലി. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യങ്ങളടക്കമാണ് പ്രശ്നമായത്.
സിനിമയിൽ 15 മാറ്റങ്ങളാണ് റിവൈസിംഗ് കമ്മിറ്റി ആവശ്യപ്പെടുന്നത്. മുസ്ലീം യുവാവും ക്രിസ്ത്യൻ യുവതിയുമായുള്ള പ്രണയമാണ് ഇതിവൃത്തം. റിവൈസിംഗ് കമ്മറ്റി നിർദ്ദേശിച്ച ഭാഗങ്ങൾ നീക്കിയാൽ സിനിമയുടെ കഥാഗതി തന്നെ മാറുമെന്നാണ് നിർമ്മാതാക്കളുടെ വാദം. തിരിച്ചറിയാതിരിക്കാൻ നായിക ശിരോവസ്ത്രം ധരിക്കുന്ന ദൃശ്യവും ഒഴിവാക്കണമെന്നാണ് പറയുന്നത്. മാറ്റങ്ങൾ വരുത്തിയാലും 'എ" സർട്ടിഫിക്കറ്റ് നൽകാനേ കഴിയൂവെന്നാണ് സെൻസർ ബോർഡ് നിലപാട്. കോടികൾ മുടക്കി നിർമ്മിച്ച സിനിമ സെപ്തംബർ 10ന് റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. മൂന്നുതവണ മാറ്റിവച്ചു. ഇതുമൂലമുള്ള സാമ്പത്തിക നഷ്ടം വലുതാണ്. വിഷയം ഹൈക്കോടതിയുടെ പരിഗണയിലാണ്.
ഇന്ദ്രൻസ് ചിത്രം 'പ്രൈവറ്റ്' കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയത് വെട്ടിത്തിരുത്തലോടെയാണ്. ഹിന്ദി പറയുന്നവർ, രാമരാജ്യം, ബിഹാർ, പൗരത്വ ബില്ല് എന്നീ പ്രയോഗങ്ങൾ ഉൾപ്പെടെ 9 ഇടങ്ങളിൽ സിനിമയിൽ മാറ്റം വരുത്തേണ്ടിവന്നു. പുരാണ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ചെന്നാരോപിച്ച് 'അവിഹിതം" എന്ന സിനിമയിലും സെൻസർ ബോർഡ് കത്രികവച്ചു. ചിത്രത്തിൽ നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കി. തുടർന്ന് നായികയെ അവൾ എന്ന് വിശേഷിപ്പിച്ചാണ് സിനിമ പ്രദർശനം തുടരുന്നത്. ഈ സിനിമകൾ കോടതി കയറിയില്ലെന്നു മാത്രം!
ദേശീയ പ്രശ്നം
സിനിമാ നിർമ്മാതാക്കളും സെൻസർ ബോർഡുമായുള്ള തർക്കം കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ജാതി രാഷ്ട്രീയം ചർച്ച ചെയ്ത 'ധഡക് 2" എന്ന ചിത്രം 16 വെട്ടുകളോടെയാണ് തിയേറ്ററുകളിലെത്തിയത്. ജാതി പരാമർശങ്ങൾ ഒഴിവാക്കേണ്ടിയും വന്നു. ദീപിക പദുകോണിന്റെ കാവി അടിവസ്ത്രത്തിന്റെ പേരിൽ ഷാറൂഖ് ചിത്രം പത്താനെതിരേ കലാപക്കൊടി ഉയർന്നിരുന്നു. കങ്കണ റണൗട്ട് ഇന്ദിര ഗാന്ധിയെ അനുസ്മരിപ്പിച്ചെത്തിയ എമർജൻസിക്കും സെൻസർ ബോർഡ് തടയിട്ടിരുന്നു. 2018-ൽ തമിഴിൽ പുറത്തിറങ്ങിയ 'പരിയേറും പെരുമാളി"ന്റെ ഹിന്ദി റീമേക്കായിരുന്നു ധഡക് 2. പെരുമാളിനും നാലിടങ്ങളിൽ വെട്ട് വീണിരുന്നു. എന്നാൽ കേരള വിരുദ്ധ സിനിമയെന്ന് ആരോപണം നേരിട്ട കേരള സ്റ്റോറിക്ക് കത്രികപ്പൂട്ടുണ്ടായില്ല. ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. ഇതിനു പിന്നിലെല്ലാം രാഷ്ട്രീയമുണ്ടെന്നാണ് ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകരുടേയും ബുദ്ധിജീവികളുടേയും വാദം. എന്നാൽ സാമുദായിക സ്പർദ്ധയടക്കം ഒഴിവാക്കാനുള്ള മുൻകരുതലായാണ് കേന്ദ്രസർക്കാരും സെൻസർ ബോർഡും ഇതിനെ കാണുന്നത്.
1951-ലാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെൻസറിംഗ് ഇന്ത്യയിൽ നിലവിൽ വരുന്നത്. ഇന്ത്യൻ സിനിമറ്റോഗ്രാഫി ആക്ടിൽ 1983-ൽ ഭേദഗതി വന്നു. തുടർന്ന് സെൻസർ ബോർഡ്, സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ എന്ന് പേര് മാറ്റി. സിനിമ സെൻസർ ചെയ്യപ്പെടുകയല്ല, മറിച്ച് പ്രദർശനാനുമതിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുകയാണ് ഈ ഏജൻസിയുടെ അടിസ്ഥാന ലക്ഷ്യം. പക്ഷേ ബോർഡ് പഴയശൈലി തുടരുന്നതായും ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കത്തിവയ്ക്കുന്നതായുമാണ് ആക്ഷേപം. സിനിമയുടെ പറുദീസയായ ഹോളിവുഡിൽ ഉൾപ്പെടെ സർക്കാർ നിയന്ത്രിത സെൻസറിംഗ് ഇല്ല. അവിടെയെല്ലാം സിനിമാ മേഖല തയാറാക്കിയ പെരുമാറ്റച്ചട്ടം അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് സിനിമയിൽ നിന്നു കിട്ടുന്ന വിനോദനികുതി. ആയിരക്കണക്കിന് കലാകാരന്മാരുടേയും പ്രൊഫഷണലുകളുടേയും ഉപജീവനമാണിത്. കോടിക്കണക്കിന് ആസ്വാദകരുടെ വിനോദോപാധിയും. അതിനാൽ ബാലിശമായ കാരണങ്ങളുടെ പേരിൽ സിനിമ തടഞ്ഞിടുന്നതിൽ നിന്ന് സെൻസർ ബോർഡ് വിട്ടുനിൽക്കണം. പബ്ലിസിറ്റിക്കായി പ്രകോപന സംഭാഷണങ്ങളും ദൃശ്യങ്ങളും കുത്തിത്തിരുകുന്നതിൽ ചലച്ചിത്രകാരന്മാരും ജാഗ്രത കാട്ടണം. സെൻസർ സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ സ്ക്രിപ്റ്റ് തലത്തിൽ തന്നെ നൽകുന്ന സംവിധാനമുണ്ടാക്കിയാൽ കുറെയേറെ നഷ്ടം ഒഴിവാക്കാമെന്ന നിർദ്ദേശം സിനിമാക്കാരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. ഇത്തരം ആരോഗ്യകരമായ ചർച്ചകളിലൂടെ ശീതസമരം പരിഹരിക്കുന്നതാണ് ഉചിതം.